വിജിലന്‍സ് സി.ഐ വികസനങ്ങള്‍ തടയുന്നുവെന്ന് സി.പി.എം
അഗളി: വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അനാവശ്യ ഇടപെടല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതായി സി.പി.എം അട്ടപ്പാടി ഏരിയാ കമ്മിറ്റി ആരോപിച്ചു. അഴിമതിക്കെതിരേ എന്ന വ്യാജേന സി.ഐ കൃഷ്ണന്‍കുട്ടി നടത്തുന്ന ഇടപെടലുകള്‍ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എതിരാകുന്ന സാഹചര്യമാണുള്ളത്. എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്ന പ്രചാരണം നടത്തുന്ന ഇദ്ദേഹം കേന്ദ്രഭരണ കക്ഷിയുടെ ആജ്ഞാനുവര്‍ത്തിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും സി.പി.എം ഏരിയാകമ്മിറ്റി പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
അടുത്ത കാലത്തായി സി.ഐ സ്വീകരിക്കുന്ന പല നിലപാടുകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നുണ്ട്. ഗൂളിക്കടവില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തില്‍ നിലനിന്നിരുന്ന ബസ് വെയ്റ്റിങ് ഷെഡ് പുനരുദ്ധീകരിക്കാന്‍ അഗളി പഞ്ചയത്ത് തീരുമാനിച്ചിരുന്നു. ഇതിനായി അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നിര്‍മാണവും ആരംഭിച്ചു.
ഇതിനെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ വ്യാജ പരാതിയിന്മേല്‍ പദ്ധതി നിര്‍ത്തിവെക്കാന്‍ സി.ഐ ഉത്തരവിടുകയായിരുന്നു. നിത്യേന നൂറുകണക്കിന് വിദ്യാര്‍ഥികളും യാത്രക്കാരും ആശ്രയിക്കുന്ന വെയ്റ്റിങ് ഷെഡ്ഡാണിത്. അത് തല്‍സ്ഥാനത്തുവേണ്ട എന്ന ബി.ജെ.പി നിലപാട് വസ്തുതകളൊന്നും പരിശോധിക്കാതെയാണ് സി.ഐ അംഗീകരിച്ചത്.
അഗളി പഞ്ചായത്ത് നിര്‍മ്മിക്കുന്ന കമ്യൂണിറ്റിഹാളിനെതിരേയും സി.ഐയുടെ നിലപാട് ഇതുതന്നെയായിരുന്നു. സര്‍ക്കാരിന്റേയും വിജിലന്‍സ് ഡയറക്ടറുടേയും അഴിമതി വിരുദ്ധ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് സി.ഐ പ്രവര്‍ത്തിക്കുന്നത്. തീര്‍ത്തും ഗതാഗത യോഗ്യമല്ലാതായ ആനക്കട്ടി-മണ്ണാര്‍ക്കാട് റോഡിന്റെ അറ്റകുറ്റപ്പണിയും ഇതേ സി.ഐ ഇടപെട്ട് നിര്‍ത്തിവപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 80 കോടി നീക്കിവെച്ച സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ നിഷേധാത്മക നിലപാടെന്നും സി.പി.എം വാര്‍ത്താകുറിപ്പ് കുറ്റപ്പെടുത്തുന്നു. സി.ഐക്കെതിരേ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്ന മുന്നറിയിപ്പും വാര്‍ത്താകുറിപ്പിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."