20 കോടിയുടെ ജലനിധി പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍
മലപ്പുറം: ജില്ലയിലെ ഒന്‍പതു പഞ്ചായത്തുകള്‍ക്കും രണ്ടു നഗരസഭകള്‍ക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്ന 20 കോടി രൂപയുടെ ജലനിധി പദ്ധതി പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ പശ്ചാത്തലത്തില്‍ ബാക്കിക്കയം റെഗുലേറ്റര്‍ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയ്ക്കടുത്തു കടലുണ്ടിപ്പുഴയ്ക്കു കുറുകെയാണ് ബാക്കിക്കയം റെഗുലേറ്റര്‍ നിര്‍മിച്ചിരിക്കുന്നത്. വേങ്ങര, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങല്‍, എടരിക്കോട്, പറപ്പൂര്‍, പെരുമണ്ണ ക്ലാരി, തെന്നല, എ.ആര്‍ നഗര്‍ പഞ്ചായത്തുകളിലെയും തിരൂരങ്ങാടി, കോട്ടക്കല്‍ നഗരസഭകളിലെയും ജലസേചനത്തിനും കുടിവെള്ള സ്രോതസുകളിലേക്കും ജലം ലഭ്യമാക്കുന്നതാണ് ബാക്കിക്കയം റെഗുലേറ്റര്‍ പദ്ധതി. പദ്ധതിയുടെ പ്രധാനഭാഗമായ റെഗുലേറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സംരക്ഷണഭിത്തിയുടെ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
ചാലിയാര്‍ പുഴയ്ക്കു കുറുകെ മമ്പാട് പഞ്ചായത്തിലെ ഓടായിക്കലില്‍ നബാര്‍ഡ് സഹായത്തോടെ സജ്ജമാക്കിയ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാംഘട്ട എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി സര്‍വേ പുരോഗമിക്കുകയാണ്. മമ്പാട്, വണ്ടൂര്‍, തിരുവാലി പഞ്ചായത്തുകളിലായി ജലസേചനത്തിനു സൗകര്യമൊരുക്കിയ പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ ചെലവ് 422.10 ലക്ഷം രൂപയായിരുന്നു. ചുങ്കത്തറ പഞ്ചായത്തില്‍ ചാലിയാര്‍ പുഴയ്ക്ക് കുറുകെ നബാര്‍ഡ് സഹായത്തോടെ ആദ്യഘട്ട പ്രവൃത്തി പൂര്‍ത്തീകരിച്ച പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ രണ്ടാം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എസ്റ്റിമേറ്റുകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനുള്ള നടപടികള്‍ തുടങ്ങി.
ചുങ്കത്തറ, എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിലായി 2,100 ഹെക്ടറില്‍ ജലസേചന സൗകര്യമൊരുക്കിയ പദ്ധതിയുടെ ആദ്യഘട്ട നിര്‍മിതിക്കായി 2,557.50 ലക്ഷം രൂപയാണ് ചെലവ് വന്നത്. കൃഷിയിടങ്ങളിലേക്കും കുടിവെള്ള വിതരണ പദ്ധതികളിലേക്കും ജലമെത്തിക്കുന്ന ബാക്കിക്കയം റെഗുലേറ്റര്‍ പ്രവൃത്തി 2016 മാര്‍ച്ചില്‍ തുടങ്ങി 2019 ആദ്യത്തോടെ പൂര്‍ത്തീകരിക്കുകയായിരുന്നുവെന്നു ചെറുകിട ജലസേചന വകുപ്പ് മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. അജിത്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."