ആഞ്ഞുപെയ്താല്‍ നഗരം ചീഞ്ഞുനാറും
കോഴിക്കോട്: മഴക്കാല രോഗ പ്രതിരോധവും മാലിന്യ നിര്‍മാര്‍ജനവും പതിവു പല്ലവിയായി തുടരുന്നതിനിടെ ജില്ലയിലെ നഗരങ്ങള്‍ മാലിന്യകേന്ദ്രങ്ങളാകുന്നു. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്, കല്ലായി പാലത്തിനു സമീപം, ഞെളിയന്‍പറമ്പിന്റെ സമീപപ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളിലാണു പ്രധാനമായും മാലിന്യക്കൂമ്പാരങ്ങള്‍ കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടുന്നത്.
ഓടകള്‍ വൃത്തിയാക്കാത്ത സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് റോഡുകളിലേക്ക് ഒഴുകുന്നതും ദുരിതം ഇരട്ടിയാക്കുന്നു. നടക്കാവ്, മാവൂര്‍ റോഡ് ജങ്ഷന്‍, സ്‌റ്റേഡിയം ജങ്ഷന്‍, മാനാഞ്ചിറ ഭാഗങ്ങളില്‍ മഴപെയ്യുന്നതോടെ മാലിന്യങ്ങള്‍ റോഡിലൂടെ ഒഴുകുകയാണ്. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്തു 'മാലിന്യക്കുളം' പോലെ വെള്ളം കെട്ടിക്കിടക്കുകയാണ്. മഴവെള്ളത്തില്‍ കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ദുര്‍ഗന്ധം യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.
ഓരോ ദിവസവും നഗരത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങളാണ് ബസ് സ്റ്റാന്‍ഡിന്റെ പിറകുവശത്തു തള്ളുന്നത്. സമീപത്തെ കച്ചവടക്കാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണിവര്‍. കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യ സംസ്‌കരണത്തിനായി പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തനരഹിതമായിട്ടു വര്‍ഷങ്ങളായി. പ്രശ്‌നപരിഹാരത്തിനു നിരവധി തവണ വിവിധ സംഘടനകള്‍ അധികാരികളെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
രാത്രിനേരങ്ങളില്‍ ബസ് സ്റ്റാന്‍ഡ് അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും വ്യാപകമാണ്. അറവുമാലിന്യങ്ങളും ഹോട്ടല്‍ അവശിഷ്ടങ്ങളും തെരുവു നായ്ക്കള്‍ കടിച്ചുകീറുന്നതും സ്റ്റാന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ വലിച്ചിടുന്നതും പതിവാണ്. അതേസമയം, മഴക്കാലപൂര്‍വ ശുചീകരണത്തിനായി പദ്ധതികള്‍ ആരംഭിച്ചിരുന്നെങ്കിലും വേണ്ട രീതിയില്‍ നടപ്പായില്ലെന്ന ആരോപണം ശക്തമാണ്. മാലിന്യപ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ പുതിയ കോര്‍പറേഷന്‍ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നു ബസ് ജീവനക്കാരും കാല്‍നടയാത്രക്കാരും പറയുന്നു. മഴ ശക്തമാകുന്നതിനു മുന്‍പെങ്കിലും ഈ പ്രശ്‌നത്തിനു പരിഹാരം കാണണമെന്നാണു യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."