കുമ്പളയില്‍ അര്‍ധരാത്രിയില്‍ അക്രമം: മൂന്നു കാറുകള്‍ തകര്‍ത്തു
കുമ്പള: ഉപ്പളയില്‍ അര്‍ധരാത്രിയിലുണ്ടായ അക്രമത്തില്‍ മൂന്നു കാറുകള്‍ തകര്‍ത്തു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും ഇയാളുടെ സഹോദരങ്ങളുടെയും കാറുകളാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ അക്രമി സംഘം തകര്‍ത്തത്. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് പറയുന്നു. പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടോടെ റിയാസിന്റെ വീടിന്റെ പുറത്തുവന്ന സംഘം റിയാസിനോട് പുറത്തിറങ്ങിവരാന്‍ ഫോണില്‍ കൂടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിയാസ് പുറത്തിറങ്ങിയില്ല. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ ഒരു ക്വട്ടേഷന്‍ കിട്ടിയിട്ടുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് പറഞ്ഞതെന്ന് റിയാസ് പൊലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഒരു ടൊയോട്ട, രണ്ട് ആള്‍ട്ടോ കാറുകളുമാണ് തകര്‍ത്തത്. വിവരമറിഞ്ഞ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
അതിനിടെ മഞ്ചേശ്വരം മിയാ പദവ് പ്രദേശത്ത് യുവാവിനെ വെടിവച്ചു കൊല്ലാന്‍ ശ്രമം നടന്നതായും പരാതിയുണ്ട്. സിദ്ദീഖ് പള്ളത്തടുക്ക എന്ന യുവാവിനെയാണ് വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പരാതി. കഴിഞ്ഞ ദിവസം സന്ധ്യയോടെ മിയാപദവ് പെട്രോള്‍ സമീപത്തുവച്ച് ഒരു സംഘം വെടിയുതിര്‍ത്തുവെന്നും രണ്ടുതവണ നിറയൊഴിച്ച സംഘത്തിന്റെ അക്രമത്തില്‍നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും യുവാവ് പറഞ്ഞു. രണ്ടുമാസം മുമ്പ് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിനെ കാറിലെത്തിയ സംഘം ബൈക്കിലിടിച്ച് മാരകമായി അക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പറയുന്നു.
ഇതേ സംഘമാണ് ഇപ്പോഴത്തെ അക്രമത്തിനു പിന്നിലെന്നും ആരോപണമുണ്ട്. കണ്ടാലറിയാവുന്ന അഞ്ചാളുകള്‍ ഉള്‍പ്പെട്ട സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് സിദ്ദീഖ് പറയുന്നത്. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു. പിന്നീട് ബൈക്ക് കല്ലുകളും മറ്റുമുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്. സംഭവം സംബന്ധിച്ചു മഞ്ചേശ്വരം പൊലിസ് അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന കുമ്പള, ഉപ്പള,മഞ്ചേശ്വരം ഭാഗങ്ങളില്‍ അക്രമങ്ങളും വെടിവെപ്പും പെരുകി വരുകയാണ്. മംഗളൂരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നു കഞ്ചാവും മറ്റു ലഹരി വസ്തുക്കളും യഥേഷ്ടം ഒഴികിയെത്തുന്നതും അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കുറ്റവാളികള്‍ അതിര്‍ത്തി കടന്നെത്തുന്നതും പൊലിസിനും തലവേദനയായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."