കൊല്ലം: ബി.ജെ.പിയെയും ഫാസിസ്റ്റ് നയങ്ങളെയും നേരിടാന്‍ വിശാലമായ ഇടത് മതേതര ഐക്യം കെട്ടിപ്പടുക്കാനാണ് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റെഡ്ഡി.
ബി.ജെ.പി ഭരണത്തിന്റെ കീഴില്‍ ഫാസിസ്റ്റ് കാഴ്ചപ്പാട് രാജ്യത്ത് പിടിമുറുക്കുകയാണ്. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്ന് പോലും അവര്‍ ആജ്ഞാപിക്കുകയാണെന്ന് സ്വാഗതപ്രസംഗത്തില്‍ കാനം രാജേന്ദ്രന് പറഞ്ഞു. മോഡി അധികാരത്തില്‍ വന്നതിനുശേഷം ദലിതര്‍ക്കുനേരെ 786 ഓളം ആക്രമണങ്ങളാണ് നടന്നത്. സംഘപരിവാറിന്റെ ലക്ഷ്യം ഹിന്ദുത്വ രാജ്യമാണെന്നും പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവര്ക്കൊപ്പം ജനപക്ഷ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയായി ജനങ്ങള്‍ അംഗീകരിക്കുന്നതായും കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാചരിത്രത്തിലെ അവിസ്മരണീയമായ അധ്യായം കുറിച്ചിരിക്കുകയാണ്. നേതാക്കളുടെയും അണികളുടെയും കൂട്ടായ്മയുടെ ഫലമായാണിത്. രാഷ്ട്രീയമായ ഐക്യവും സംഘടനാപരമായ യോജിപ്പും പ്രകടമായ സമ്മേളനമായിരുന്നു ഇത്. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ പ്രസക്തവിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു. രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായാണ് അംഗീകരിച്ചത്. രാഷ്ട്രീയപരമായ ഐക്യം മാത്രമല്ല, സംഘടനാപരമായ യോജിപ്പും അതിലൂടെ പ്രകടിപ്പിച്ചു.
സമ്മേളനം അവസാനിച്ചത് ഏകകണ്ഠമായ തിരഞ്ഞെടുപ്പോടെയാണ്. ഇടതുപക്ഷ രാഷ്ട്രീയം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയാണിതെന്ന് വീണ്ടും പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അതിനുവേണ്ടി പോരാടാനുള്ള വിശാലമായ ജനകീയ അടിത്തറ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
പീഡിതരുടെ പക്ഷത്തല്ല, ബലാല്ക്കാരം ചെയ്യുന്നവരെ സംരക്ഷിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ ജോലിയെന്ന് ദേശീയ കൗണ്‍സിലംഗം കനയ്യകുമാര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ ഏത് വിധേനയും പരാജയപ്പെടുത്താനാണ് ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമം. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഭരണഘടനയെ പോലും ആക്രമിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ ഇടതുകക്ഷികളുടെയും മതേതര പാര്‍ട്ടികളുടെയും പുരോഗമന ആശയക്കാരുടെയും യോജിപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്നും കനയ്യകുമാര്‍ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയെന്ന് ദേശീയ സെക്രട്ടേറിയേറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിനുള്ള വിശാലമായ കൂട്ടുകെട്ടുണ്ടാകണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍പ് പറഞ്ഞപ്പോള്‍ ആരും അത് കാര്യമായിട്ടെടുത്തില്ല.
രാജ്യം വെറുക്കുന്ന, ജനങ്ങളാകെ വെറുക്കുന്ന മോഡിയുടെ ധിക്കാരപരമായ നയങ്ങളെ പിടിച്ചുകെട്ടാന്‍ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.