ലക്ഷണങ്ങള്‍ കാണിക്കാത്തവരും കൊവിഡ് പോസറ്റീവ്; സുരക്ഷിതമായെന്ന ധാരണ തെറ്റ്; മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍
പത്തനംതിട്ട: കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ പുറത്ത് വന്ന കൊവിഡ് ഫലങ്ങള്‍ നെഗറ്റീവ് റിപ്പോര്‍ട്ടായതിനാല്‍ സുരക്ഷിതമാണെന്ന ചിന്ത ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണ്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണ്. ഇദ്ദേഹം വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കെടുത്തതും ക്വാറന്റൈന് കര്‍ശനമാക്കാന്‍ തീരുമാനിച്ചതും. പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിള്‍ എടുക്കുമ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ പോസിറ്റീവായി. ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം എന്നാണ്' പി ബി നൂഹ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഏതു ജില്ലയിലായാലും ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും രോഗം വരാം. അതുകൊണ്ട് നിര്‍ബന്ധമായും 21 ദിവസം ഹോം ക്വാറന്റൈന് ചെയ്യുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണമെന്നും കളക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."