ബഹ്‌റൈനില്‍ മരണപ്പെട്ട അലവിയുടെ മൃതദേഹം വെള്ളിയാഴ്ച കൈത്തക്കരയില്‍ ഖബറടക്കും
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മരണപ്പെട്ട തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശി അലവി തിരുത്തി (40)യുടെ മൃതദേഹം വെള്ളിയാഴ്ച കാലത്ത് 7.30ന് കൈതക്കര മഹല്ല് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ 4മണിക്ക് കരിപ്പൂരിലെത്തുന്ന ഗള്‍ഫ് എയര്‍ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കയച്ചതെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റും ബഹ്‌റൈനില്‍ മരണാനന്തര കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സലാം മമ്പാട്ടുമൂല ഇവിടെ സുപ്രഭാതത്തെ അറിയിച്ചു.
മനാമയിലെ എ.സി റിപ്പയറിങ് ഷോപ്പില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അലവി ചൊവ്വാഴ്ച രാത്രിയോടെ സ്വന്തം വാഹനത്തില്‍ വിശ്രമിക്കവേയാണ് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പൊലിസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാകാന്‍ താമസിച്ചതോടെയാണ് മൃതദേഹം കൊണ്ടുപോകുന്നത് വ്യാഴാഴ്ച രാത്രിയിലേക്ക് മാറ്റിയത്.
മരണാനന്തര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകിട്ട് കുവൈത്തി മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
സമസ്ത ബഹ്‌റൈന്റെയും ബഹ്‌റൈന്‍ കെ.എം.സി.സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന അലവിയുടെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ജന.സെക്രട്ടറി വി.കെ.കുഞ്ഞിമുഹമ്മദ് ഹാജി, ഏരിയാ പ്രസിഡന്റ് സുലൈമാന്‍ ഹാജി വലിയ പറപ്പൂര്‍, ജന.സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍, ട്രഷറര്‍ നസീര്‍ കുറ്റ്യാടി, കെ.എം.സിസി ഭാരവാഹികളായ പ്രസി. എസ്.വി ജലീല്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, വൈ.പ്രസി. ശാഫിപാറക്കട്ട എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികളും സമസ്ത മദ്‌റസാ അധ്യാപകരും സാധാരണക്കാരുമുള്‍പ്പെടെ നിരവധി പേര്‍ മയ്യിത്ത് നിസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും പങ്കാളികളായി.
ബഹ്‌റൈനിലെ ഉമ്മുല്‍ ഹസം ഏരിയ കേന്ദ്രീകരിച്ച് മതരാഷ്ട്രീയ സാമൂഹ്യസേവന രംഗങ്ങളിലെല്ലാം അലവി സജീവമായിരുന്നുവെന്ന് നേതാക്കള്‍ അനുസ്മരിച്ചു. അലവിക്കു വേണ്ടി ബഹ്‌റൈനിലുടനീളം മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനയും നടത്തണമെന്ന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങളും ഉമ്മുല്‍ ഹസം ഏരിയാ ഭാരവാഹികളും അഭ്യര്‍ത്ഥിച്ചു.
8 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ അലവി ഇവിടെ മനാമയിലെ എ.സി റിപ്പയറിങ് ഷോപ്പില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. രണ്ടാഴ്ച മുമ്പാണ് അലവി നാട്ടില്‍ പോയി ബഹ്‌റൈനില്‍ തിരിച്ചെത്തിയത്. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സഫ്‌വാന്‍, അന്‍സറ സബീബ. ജാമാതാവ് നജീബ് (സഊദി അറേബ്യ).
വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിക്കുന്ന മൃതദേഹം പട്ടര്‍നടക്കാവിലെ വീട്ടിലെത്തിച്ച ശേഷം കാലത്ത് 7.30ന് കൈത്തക്കര മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."