ബസുകള്‍ സര്‍വിസ് മുടക്കുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
കാഞ്ഞങ്ങാട്: സന്ധ്യാ സമയങ്ങളില്‍ കാഞ്ഞങ്ങാട്ട് നിന്നു കാസര്‍ക്കോടേക്ക് സര്‍വിസ് നടത്തിയിരുന്ന ബസുകള്‍ ട്രിപ്പ് മുടക്കുന്നതായി ആക്ഷേപം. ഇതു കാരണം ഒരാഴ്ചയിലധികമായി കാഞ്ഞങ്ങാട്-കാസര്‍കോട് റൂട്ടിലെ ദേശീയ പാതയില്‍ കൂടി സഞ്ചരിക്കുന്നവര്‍ ദുരിതത്തിലായി. ദേശസാല്‍കൃതത്തിന്റെ പേരില്‍ കണ്ണൂര്‍-കാസര്‍കോട് റൂട്ട് ഏറ്റെടുത്ത കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഒരാഴ്ചയിലധികമായി സര്‍വിസ് മുടക്കുന്നത്.
വൈകുന്നേരം 7.10നു കാഞ്ഞങ്ങാട് നിന്നു കാസര്‍ക്കോടേക്ക് ഒരു സ്വകാര്യ ഓര്‍ഡിനറി ബസ് പോയാല്‍ പിന്നെ ഈ റൂട്ടിലെ യാത്രക്കാര്‍ മണിക്കൂറുകളോളം ബസ് കാത്തിരിക്കേണ്ട അവസ്ഥയാണ് ഉള്ളത്.
വൈകുന്നേരം ഏഴിനും രാത്രി പത്തിനുമിടക്ക് ദേശീയ പാതയിലൂടെ ഓടിയിരുന്ന ആറോളം ബസുകളാണ് പൊടുന്നനെ ഓട്ടം നിര്‍ത്തിയത്. ഇതിന് പുറമെ കണ്ണൂരില്‍ നിന്നു ഈ സമയത്തിനിടക്ക് കാസര്‍ക്കോടേക്ക് പോകുന്ന രണ്ടു സ്വകാര്യ ബസുകളില്‍ ഒരെണ്ണം ഗാരേജിലും മറ്റൊരെണ്ണം ഇടയ്ക്കിടെ ഓട്ടം മുടക്കുന്നതും ഈ റൂട്ടിലെ യാത്രക്കാര്‍ക്കു വിനയായി.
ബസുകള്‍ പലതും പാതി വഴിയില്‍ ഓട്ടം അവസാനിപ്പിക്കുന്നതു പതിവായതോടെ പലപ്പോഴും നഗരത്തില്‍ സംഘര്‍ഷം ഉടലെടുക്കുന്നുണ്ട്. പൊലിസെത്തി സംഘര്‍ഷം നിയന്ത്രിച്ച അവസ്ഥയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നു കെ.എസ്.ആര്‍.ടി.സി രാത്രി എട്ടിന് ഒരു ലിമിറ്റഡ് സ്റ്റോപ് ബസ് ഓടിച്ചിരുന്നു.
എന്നാല്‍ ഈ ബസും കഴിഞ്ഞ പത്തു ദിവസമായി ഓടുന്നില്ല. ഇതിനു പുറമേ ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം ബസുകള്‍ സര്‍വിസ് മുടക്കുന്നതായി പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."