സദാചാര ഗുണ്ടായിസം അമര്‍ച്ച ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സദാചാര ഗുണ്ടായിസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ എന്നന്നേയ്ക്കുമായി അമര്‍ച്ച ചെയ്യുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് ഡി.ജി.പി നേരിട്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സമ്പൂര്‍ണ സാക്ഷരത നേടിയ കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം സംഭവവികാസങ്ങള്‍ ആവര്‍ത്തിക്കുന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ തല കുനിപ്പിക്കുന്നതായി കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സദാചാര ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവര്‍ കുറ്റകൃത്യം നടത്താന്‍ സംഘത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി കൈ കോര്‍ക്കുന്നുണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
സംഭവം ആഘോഷമാക്കാന്‍ ഇവര്‍ മാധ്യമങ്ങളെയും ഉപയോഗിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ചിലര്‍ കരുതികൂട്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനന്തരീക്ഷത്തെ ബാധിക്കുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു.
രാജ്യാന്തര വനിതാ ദിനത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ചിലര്‍ ചൂരല്‍ കൊണ്ട് അടിച്ച് ഓടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംഭവത്തില്‍ എറണാകുളം ജില്ലാ പോലീസ് മേധാവി 30 ദിവസത്തിനകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. കേസ് ഏപ്രിലില്‍ തിരുവനന്തപുരത്ത് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."