പ്രതിസന്ധികള്‍ക്കിടയിലും ആലത്തൂര്‍ കോട്ട കാക്കാന്‍ ഇടതുപക്ഷം
#വി.എം ഷണ്‍മുഖദാസ്
നെല്ലിയാമ്പതി മലനിരകളും പറമ്പിക്കുളം കടുവാസങ്കേതവും അതിരിടുന്ന ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്നിട്ട് പത്തുവര്‍ഷമേ ആയുള്ളൂ. ഇതു മൂന്നാം തവണയാണ് മത്സരം നടക്കുന്നത്. ഒറ്റപ്പാലം സംവരണമണ്ഡലമാണ് പിന്നീട് ആലത്തൂരായി മാറിയത്. സംസ്ഥാനത്തെ രണ്ടു സംവരണ മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍.
തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 2009ല്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത്. ഏഴു നിയോജക മണ്ഡലങ്ങളിലും ഭൂരിഭാഗം പേരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ്. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ നെല്‍കൃഷി പാരമ്പര്യം സംരക്ഷിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത് ആലത്തൂര്‍, തരൂര്‍, ചിറ്റൂര്‍, നെന്മാറ നിയോജകമണ്ഡലങ്ങളാണ്. നെന്മാറ മണ്ഡലത്തിലെ നെല്ലിയാംപതി തോട്ടം തൊഴിലാളി മേഖലയും പറമ്പിക്കുളം വനമേഖലയുമാണ്. ഇടത് ആഭിമുഖ്യം പുലരുന്ന മണ്ഡലമാണിത്. ഏഴു നിയോജകമണ്ഡലങ്ങളില്‍ ഒന്നൊഴിച്ചു ബാക്കിയെല്ലാം ഇടതുമുന്നണിയുടെ ആധിപത്യത്തിലാണ്. വടക്കാഞ്ചേരിയാണ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്നത്.
മണ്ഡലത്തില്‍ ആദ്യമായി ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാനെത്തിയത് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായിരുന്ന കോട്ടയം സ്വദേശി പി.കെ ബിജുവായിരുന്നു. അന്ന് കോണ്‍ഗ്രസിലെ എന്‍.കെ സുധീറിനെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജു തോല്‍പ്പിച്ചത്. 46.75 ശതമാനം വോട്ട് ഇടതുമുന്നണിക്കു കിട്ടിയപ്പോള്‍ യു.ഡി.എഫിന് 44 .22 ശതമാനം വോട്ടാണ് ലഭിച്ചത്.
ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണനാവാനാണ് സാധ്യത. മുന്‍ കേരള സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന് തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളില്‍ രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും കൂടുതലുള്ളതും പ്ലസ് പോയിന്റാണ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാധാകൃഷ്ണനെ മത്സരിപ്പിച്ചാല്‍ പാര്‍ട്ടിക്ക് വളരെയേറെ ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.
പി.കെ ബിജുവിന് രണ്ടു തവണ എം.പിയായിട്ടും കാര്യമായ വികസനപദ്ധതികളൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതെ മാറി നിന്ന രാധാകൃഷ്ണന് ഇത്തവണ നറുക്കുവീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ടു തവണ മത്സരിച്ചവര്‍ക്കു വീണ്ടും സീറ്റ് നല്‍കില്ലെന്ന സി.പി.എമ്മിന്റെ തീരുമാനം നടപ്പിലാക്കിയാല്‍ ബിജുവിനെ വീണ്ടും മത്സരിപ്പിക്കാനിടയില്ല. എന്നാല്‍ മത്സരിക്കുന്നത് സംബന്ധിച്ച് രാധാകൃഷ്ണന്‍ ഇതുവരെ മനസു തുറന്നിട്ടില്ല. ബി.ജെ.പി സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ മത്സരിച്ച ഷാജുമോന്‍ വട്ടേക്കാടായിരിക്കും ഇത്തവണയും മത്സരിക്കുക.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഐ.എം വിജയന്റെയും മുന്‍ മന്ത്രി പന്തളം സുധാകരന്റെയും പേരുകളാണ് കേള്‍ക്കുന്നത്. എന്നാല്‍ ഐ.എം വിജയന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ശക്തമായ ഇടപെടലുണ്ടായാല്‍ മത്സരിക്കാന്‍ തയാറാവുമെന്നാണ് പറയപ്പെടുന്നത്. 2014 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എ ഷീബയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന അഭിപ്രായവും കോണ്‍ഗ്രസിനുള്ളിലുണ്ട്. കാരണം പി.കെ ബിജു ആദ്യം മത്സരിച്ചപ്പോള്‍ ഇടതുമുന്നണിക്ക് 46.75 വോട്ടാണ് കിട്ടിയത്. 2014ല്‍ അത് 44.41 ശതമാനമായി. 2.34 ശതമാനം വോട്ട് കുറഞ്ഞു. അതുകൊണ്ടു തന്നെ ഷീബക്ക് അവസരം നല്‍കണമെന്ന് പാര്‍ട്ടി അണികള്‍ക്കിടയില്‍ അഭിപ്രായമുയരുന്നുണ്ട്. ബി.ജെ.പിയുടെ വോട്ടിങ് ശതമാനം 2009നെക്കാള്‍ കഴിഞ്ഞ തവണ വര്‍ധിച്ചിരുന്നു.
ബിജുവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ മോശം അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജനപ്രിയ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ യു.ഡി.എഫ് തയാറായാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി എല്‍.ഡി.എഫ് കൈവശം വച്ചിരിക്കുന്ന ആലത്തൂര്‍ പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് യു.ഡി.എഫ് അണികള്‍ പറയുന്നത്. ഏറെ സമരങ്ങള്‍ നടത്തിയിട്ടും മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊല്ലങ്കോട്, പുതുനഗരം റെയില്‍വേ സ്റ്റേഷനുകളില്‍ അമൃത എക്‌സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് വാങ്ങിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരാതിയുണ്ട്.
പാലക്കാട്‌നിന്ന് കൊല്ലങ്കോട്, മീനാക്ഷിപുരം വഴി കൂടുതല്‍ ട്രെയിനുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കഴിയാത്തതും ബിജുവിന് തിരിച്ചടിയാവും. ഇത്തവണയുണ്ടായ ശബരിമല പ്രശ്‌നവും പ്രളയവും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതൊക്കെ ഇടതു വോട്ടുകളെ എങ്ങനെ സ്വാധീനിക്കുമെന്നും കണ്ടറിയണം.
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും സാധനങ്ങളുടെ വിലക്കയറ്റവുമൊക്കെ വോട്ടര്‍മാരുടെ ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജില്ലയിലെ രണ്ടു മന്ത്രിമാര്‍ പ്രതിനിധീകരിക്കുന്ന തരൂര്‍, ചിറ്റൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആറു നിയോജകമണ്ഡലങ്ങളിലും കൂടി എല്‍.ഡി.എഫിന് 91,803 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."