എല്ലാവര്‍ക്കും പാര്‍പ്പിടം; ലൈഫ് പദ്ധതിക്കായി ജില്ല ഒരുങ്ങുന്നു
കൊല്ലം: എല്ലാവര്‍ക്കും പാര്‍പ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതി വിജയകരമാക്കുന്നതിന് ജില്ല ഒരുങ്ങുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീ നടത്തിയ സര്‍വേയില്‍ 98309 ഭവനരഹിതരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 80918 കുടുംബങ്ങള്‍ ഗ്രാമപ്രദേശങ്ങളിലും 17391 പേര്‍ നഗരമേഖലയിലുമാണ്.
ഇതില്‍ 51249 പേര്‍ സ്വന്തമായി ഭൂമിയുള്ളവരും എന്നാല്‍ വീടില്ലാത്തവരുമാണ്. 47060 പേര്‍ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. കുടുംബശ്രീ തയാറാക്കിയ ഭവനരഹിതരുടെ പട്ടിക അതത് പഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിക്കും.
പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെ ചുമതലപ്പെടുത്തും. പദ്ധതിയുടെ തയാറെടുപ്പുകള്‍ ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി യുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഭവനിര്‍മാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍വഴി കണ്ടെത്തിയ ഭൂമിയുടെ പൂര്‍ണ വിവരം സര്‍ക്കാരിന് കൈമാറുമെന്നും ഇനിയും ഭൂമി കണ്ടെത്തിയിട്ടില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ എത്രയും വേഗം കണ്ടെത്തി വിവരം നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനായി കുറഞ്ഞത് 25 സെന്റ് ഭൂമിയെങ്കിലും പഞ്ചായത്തുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഈ സ്ഥലങ്ങളില്‍ ജലലഭ്യതയും റോഡ് സൗകര്യവുമുള്ളതും സമീപത്ത് ആശുപത്രി, സ്‌കൂള്‍ തുടങ്ങിയവ ഉള്ളവയുമായിരിക്കണം. തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഒഴിവാക്കണം. യോഗത്തില്‍ എ.ഡി.സി ജനറല്‍ വി. സുദേശന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."