അരങ്ങൊഴിഞ്ഞ അതുല്യപ്രതിഭ ചവറ പാറുക്കുട്ടിക്ക് ജന്‍മനാടിന്റെ ആദരം
കൊല്ലം: കഥകളിയുടെ ഈറ്റില്ലമായ കൊട്ടാരക്കര തമ്പുരാന്റെ നാട്ടില്‍ പുരുഷന്മാര്‍ അടക്കിവാണ കഥകളി രംഗത്തേക്ക് ധൈര്യസമേതം കടന്നുവരികയും ആ കലാരൂപത്തിലെ എണ്ണപ്പെട്ട കലാകാരിയായി മാറുകയും ചെയ്ത അപുര്‍വ്വ വ്യക്തിത്വമായ ചവറ പാറുക്കുട്ടി(76) ഇനി ഓര്‍മകളില്‍. കഥകളിയിലെ സ്ത്രീസാന്നിധ്യമായി അരങ്ങുകളില്‍ നിറഞ്ഞുനിന്ന ചവറ പാറുക്കുട്ടി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
ഭൗതികശരീരം ചവറയിലുള്ള നാട്യധര്‍മിയില്‍ ഇന്ന് പൊതുദര്‍ശനത്തിന് വച്ച ശേഷം ഉച്ചകഴിഞ്ഞ് സംസ്‌ക്കരിക്കും. ചവറ ചെക്കാട്ടുകിഴക്കതില്‍ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടെയും മകളായി 1943 ഫെബ്രുവരി 21നാണ് ജനിച്ചത്. കഥകളിരംഗത്ത് സ്ത്രീകള്‍ കടന്നുവരാന്‍ അറച്ചുനിന്ന കാലഘട്ടത്തില്‍ ആദ്യമായി ആ രംഗത്തേക്ക് വന്ന കലാകാരിയായിരുന്നു അവര്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു.
മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്ന് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചു.കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. ദേവയാനി, ദമയന്തി, പൂതനലളിത, ഉര്‍വശി, കിര്‍മീരവധം ലളിത, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്‍, കൃഷ്ണന്‍, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയ വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം കചദേവയാനിയായിരുന്നു.
സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്. 2008ലെ മാതൃഭൂമി ഗൃഹലക്ഷ്മി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി 'ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം' എന്ന ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. മകള്‍ കലാമണ്ഡലം ധന്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."