എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഒക്ടോബര്‍ 29ലേക്ക് നീട്ടി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് ഹരജി പരിഗണിച്ചത്. ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. പെട്രോള്‍ പമ്പിന് പിന്നില്‍ ബിനാമി ബന്ധമുണ്ട്. അത് കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പരാതിയുണ്ടെങ്കില്‍ ദിവ്യ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കണമായിരുന്നു. ദിവ്യ എന്തിനാണ് എഡിഎമ്മിനെ വിളിച്ചതെന്നും, പമ്പിന്റെ നിര്‍ദിഷ്ട സ്ഥലം പരിശോധിക്കാന്‍ എഡിഎമ്മിനോട് പറയാന്‍ ദിവ്യക്ക് എന്ത് അധികാരമാണുള്ളതെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു. മാത്രമല്ല വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ പങ്കെടുത്തത് ആസൂത്രിതമായിരുന്നു. ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോള്‍ എഡിഎമ്മിന്റെ മുഖം മാറി. താന്‍ വിളിച്ച് പറഞ്ഞിട്ടും സ്ഥലം പരിശോധിക്കാത്തതിന്റെ പക ദിവ്യക്കുണ്ടായിരുന്നു. പ്രാദേശിക ചാനലുകളെ ചടങ്ങിലേക്ക് വിളിച്ച് വരുത്തിയതും, മനപ്പൂര്‍വ്വം അപമാനിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
വ്യക്തിഹത്യയാണ് മരണകാരണമെന്ന് വാദിച്ച പ്രോസിക്യൂഷന്‍, ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ തന്നെ വ്യക്തമാക്കിയതാണെന്നും ചൂണ്ടിക്കാട്ടി. മാത്രമല്ല മാധ്യമപ്രവര്‍ത്തകനെ വിളിച്ച് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഏല്‍പ്പിച്ചതും, ദിവ്യ ക്ഷണിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ തന്നെ മൊഴി നല്‍കിയ സാഹചര്യത്തിലും ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."