'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെന്ന് പി.പി ദിവ്യ കോടതിയില്‍ വ്യക്തമാക്കി.
അനൗപചാരികമായിരുന്നു ക്ഷണം, അഴിമതിക്കെതിരായ സന്ദേശമായിരുന്നു തന്റെ പ്രസംഗമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നും ദിവ്യ കോടതിയില്‍ ആവര്‍ത്തിച്ചു. പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നതല്ലെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു.
പ്രസംഗത്തിന് ശേഷം നവീന്‍ ബാബുവിന് തന്നെ വിളിച്ചു സംസാരിക്കാമായിരുന്നു. ആരോപണം തെറ്റെങ്കില്‍ പരാതി നല്‍കാമായിരുന്നു ഇതൊന്നും ചെയ്തിട്ടില്ല. സദുദ്ദേശ്യത്തോടെയാണ് മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ നല്‍കിയതെന്നും ദിവ്യ തലശ്ശേരി കോടതിയില്‍ പറഞ്ഞു.
പി.പി ദിവ്യയ്ക്ക് വേണ്ടി അഡ്വ.കെ വിശ്വനാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. ജഡ്ജ് നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരി?ഗണിക്കുന്നത്.
ദിവ്യ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകയെന്നും, ആരോപണം ഉയര്‍ന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി എന്നും അഭിഭാഷകന്‍ വാദിച്ചു. സദുദേശ്യപരമായിരുന്നു ദിവ്യയുടെ പരമാര്‍ശം. മാതൃകാപരമായിരുന്നു ദിവ്യയുടെ പൊതുപ്രവര്‍ത്തനം, ഒമ്പത് വര്‍ഷമായി ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിവ്യ നിരവധി പുരസ്‌കാരങ്ങള്‍ കിട്ടിയ വ്യക്തിയാണ്. സാധാരണക്കാര്‍ക്ക് സമീപിക്കാവുന്ന നേതാവാണെന്നും അഴിമതിക്കെതിരായ പ്രവര്‍ത്തനം ഉത്തരവാദിത്തമെന്നും കോടതിയില്‍ വാദിച്ചു.
അതേസമയം പി.പി.ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍ രംഗത്ത് എത്തി. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദത്തിനിടെ എതിര്‍പ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."