വഴികാട്ടുന്ന കേരളം
തൊഴിലും തൊഴില്‍സുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കപ്പെടുകയും സാമൂഹിക,സാമ്പത്തിക രംഗങ്ങളിലെ അതിഗുരുതരമായ പ്രതിസന്ധികള്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാര്‍വദേശീയ തൊഴിലാളി ദിനം വന്നെത്തിയിരിക്കുന്നത്. വര്‍ഗീയതയും അസഹിഷ്ണുതയും ജാതിവിവേചനവും ജാതീയമായ ആക്രമണങ്ങളും ഒരുഭാഗത്ത്. പെരുകുന്ന ദാരിദ്ര്യം അസമത്വം കാര്‍ഷികവ്യാവസായിക മേഖലകളിലെ തകര്‍ച്ച, തളരുന്ന സമ്പദ്ഘടന, തൊഴിലില്ലായ്മ, ഭരണഘടനാസ്ഥാപനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളികള്‍, ഭരണഘടനാസ്ഥാപനങ്ങളുടെ വര്‍ഗീയവത്കരണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആപത്കരമായ ഈ അവസ്ഥ രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയസാമൂഹിക ഉത്തരവാദിത്വം ഏറെ വര്‍ധിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
സ്ഥിരം തൊഴില്‍ എന്നത് സങ്കല്പം മാത്രമായി മാറുകയാണ്. തന്നിഷ്ടം പോലെ തൊഴിലാളിയെ നിയമിക്കാനും തോന്നുമ്പോള്‍ പിരിച്ചുവിടാനും ഉടമകള്‍ക്ക് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമഭേദഗതി കൊണ്ടുവന്നുകഴിഞ്ഞു. തൊഴിലാളികള്‍ക്കുണ്ടായിരുന്ന നിയമപരമായ എല്ലാ പരിരക്ഷയും നിഷേധിക്കുകയും കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എല്ലാ സംരക്ഷണവും നല്‍കുകയുമാണ് കേന്ദ്രസര്‍ക്കാര്‍. നിയമപരമായ ഒരാനുകൂല്യവുമില്ലാത്ത തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.
തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം, കൂലിയും ഇതര ആനുകൂല്യങ്ങളും, സാമൂഹിക സുരക്ഷ തുടങ്ങി തൊഴിലാളികള്‍ക്കു ലഭിച്ചുവന്ന ആനുകൂല്യങ്ങളും പരിരക്ഷയുമൊക്കെ കേന്ദ്രഗവണ്‍മെന്റ് കുത്തകകള്‍ക്കുവേണ്ടി മാറ്റിയെഴുതുകയാണ്. വേതനം മരവിപ്പിക്കലും വെട്ടിക്കുറക്കലും പിരിച്ചുവിടലും വ്യാപകമായി. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരമാണ് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. പുതിയ തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പൊതുമേഖലാസ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നില്ല.
കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. അയ്യായിരത്തോളം ജീവനക്കാരുള്ള ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് തുടങ്ങിയവ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു.
പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്ക് കെമിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനം ഏറ്റെടുത്ത് സംരക്ഷിച്ചു.
സങ്കീര്‍ണമായ ഈ പരിതസ്ഥിതിയിലും ജനപക്ഷ ബദല്‍നയങ്ങളുമായി കേരളം രാജ്യത്തിന് വഴികാട്ടിയാവുകയാണ.് ജനക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ആണ് സര്‍ക്കാരിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റിയും ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കിയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്രമസമാധാനപാലനം, പൊതുആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍, പൊതുവിദ്യാഭ്യാസ സംരക്ഷണം, പശ്ചാത്തലസൗകര്യവികസനം, വിലക്കയറ്റം തടഞ്ഞ് പൊതുവിതരണസംവിധാനം വിപുലപ്പെടുത്തല്‍, പൊതുമേഖലാവ്യവസായങ്ങളുടെയും പരമ്പരാഗത വ്യവസായ മേഖലയുടെയും സംരക്ഷണം, കാര്‍ഷികോല്പാദനവര്‍ധന, വൈദ്യുതീകരണം തുടങ്ങി എല്ലാ മേഖലയിലും ഉണ്ടായ നേട്ടങ്ങള്‍ ജനങ്ങള്‍അനുഭവിച്ചറിയുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴില്‍സുരക്ഷിതത്വവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിലും അഭിമാനകരമായ നേട്ടങ്ങളാണ് സര്‍ക്കാര്‍ കൈവരിച്ചത്. യു.ഡി.എഫ് ഭരണത്തില്‍ പ്രതിസന്ധികളില്‍ നട്ടംതിരിയുകയായിരുന്നു തൊഴില്‍മേഖല.
പൊതുമേഖലാവ്യവസായങ്ങളും പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നു. നഷ്ടം കുമിഞ്ഞുകൂടി നാശത്തിന്റെ വക്കിലെത്തിയ പൊതുമേഖലാവ്യവസായങ്ങള്‍ ഇന്ന് പുതുജീവന്‍ കൈവരിച്ചു. എല്‍.ഡി.എഫ് അധികാരമേല്‍ക്കുമ്പോള്‍ പൊതുമേഖലാവ്യവസായങ്ങളുടെ മൊത്തം നഷ്ടം 131 കോടി രൂപയായിരുന്നു. എന്നാല്‍, നഷ്ടത്തില്‍ നിന്ന് കരകയറാനും ഇതിനകം 31 കോടി രൂപ ലാഭം കൈവരിക്കാനും പൊതുമേഖലാവ്യവസായങ്ങള്‍ക്ക് കഴിഞ്ഞു.
തൊഴിലാളിക്ഷേമത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തൊഴില്‍ സൗഹൃദാന്തരീക്ഷത്തിന്റെയും മെച്ചപ്പെട്ട തൊഴിലാളിതൊഴിലുടമാ ബന്ധത്തിന്റെയും നേട്ടങ്ങളുയര്‍ത്തിപ്പിടിച്ച് കേരളം രാജ്യത്തിന് മാതൃകയായി മുന്നേറുന്നു.
തൊഴിലാളികളുടെ ജീവിതസുരക്ഷ സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ഏതാണ്ടെല്ലാ തൊഴില്‍മേഖലകളെയും ക്ഷേമനിധിബോര്‍ഡുകള്‍ക്കു കീഴില്‍ കൊണ്ടുവരികയും തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇതരആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുന്നു. ക്ഷേമപെന്‍ഷനുകള്‍ 600ല്‍ നിന്ന് 1100 രൂപയായി ഉയര്‍ത്തി. രണ്ടുവര്‍ഷത്തിനിടയില്‍ 986.68 കോടി രൂപയാണ് ക്ഷേമനിധി പെന്‍ഷനായി തൊഴിലാളികള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ ധനസഹായത്തോടെ 1,52,857 ഗുണഭോക്താക്കള്‍ക്കായി 345.79 കോടി രൂപയും ക്ഷേമനിധി ബോര്‍ഡുകളുടെ തനതുഫണ്ടുപയോഗിച്ച് 3,03,738 ഗുണഭോക്താക്കള്‍ക്ക് 640.89കോടി രൂപയും ഇതിനകം നല്‍കാന്‍ കഴിഞ്ഞു. ക്ഷേമനിധി ആനുകൂല്യങ്ങളെല്ലാം കാലോചിതമായി വര്‍ധിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ സംസ്ഥാനത്തിന്റെ തൊഴില്‍മേഖലയുടെയും സാമ്പത്തികഘടനയുടെയും സുപ്രധാനഭാഗമായി മാറി. ഇവരെ അതിഥി തൊഴിലാളികളായി കേരളം കണക്കാക്കുന്നു. ഇവര്‍ക്ക് 15,000 രൂപയുടെ സൗജന്യചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും നല്‍കുന്ന ആവാസ് പദ്ധതി അന്താരാഷ്ട്ര ശ്രദ്ധനേടി.
2.30 ലക്ഷത്തിലേറെ തൊഴിലാളികള്‍ ഇതിനകം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കായി തിരുവനന്തപുരത്തും പെരുമ്പാവൂരിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. എല്ലാ ജില്ലയിലും സെന്റര്‍ തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് അപ്നാഘര്‍ പദ്ധതി ആരംഭിച്ചു. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികള്‍ക്കായുള്ള പാര്‍പ്പിടസമുച്ചയം പൂര്‍ത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ്.
കുറഞ്ഞവേതനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ രണ്ടു കിടപ്പുമുറികളുള്ള ഫ്‌ളാറ്റ് പണിതുനല്‍കുന്ന ജനനി പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലിയില്‍ 215 ഫ്‌ളാറ്റ് പൂര്‍ത്തിയായി. എറണാകുളം പെരുമ്പാവൂരില്‍ ജനനി പദ്ധതിയില്‍ 296 ഫ്‌ളാറ്റുകളുടെ നിര്‍മാണം ആരംഭിച്ചു. അസംഘടിതമേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള വേതന സുരക്ഷാപദ്ധതി (ഇ പെയ്‌മെന്റ്) നടപ്പാക്കി.
കടകളിലും വാണിജ്യസ്ഥാപനങ്ങളിലും മറ്റുമേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. മിനിമം വേതനം, ഓവര്‍ടൈം വേതനം, ആഴ്ച അവധി, ശമ്പളത്തോടുകൂടിയ ദേശീയ ഉത്സവ അവധി ദിനങ്ങള്‍, സ്ത്രീജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു. തൊഴിലാളികള്‍ക്ക് ഇരിക്കുന്നതിന് ജോലിസ്ഥലത്ത് തന്നെ സൗകര്യം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്തുകൊണ്ട് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്താനും നടപടിയെടുത്തു. ബാലവേല നിര്‍മാര്‍ജനത്തിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്.
സംസ്ഥാനത്തെ 80 തൊഴില്‍മേഖലകള്‍ മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയായ എല്ലാ മിനിമം വേതനവിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിച്ചു. നഴ്‌സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 30 മുതല്‍ 102 ശതമാനം വരെ വേതന വര്‍ധനവ് ഉറപ്പാക്കി കഴിഞ്ഞദിവസം വേതനപരിഷ്‌കരണ വിജ്ഞാപനം പുറപ്പെടുവിച്ചു. നഴ്‌സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം ഇരുപതിനായിരം രൂപയാക്കുമെന്ന് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അത് നടപ്പാക്കിയത് എടുത്തുപറയേണ്ട കാര്യമാണ്.
എല്ലാ സ്ഥാപനങ്ങളിലും തൊഴില്‍നിയമങ്ങള്‍, തൊഴിലാളിക്ഷേമപ്രവര്‍ത്തനങ്ങള്‍, മിനിമം വേതനം, സ്ത്രീസൗഹൃദതൊഴില്‍ അന്തരീക്ഷം, വൃത്തിയുള്ള തൊഴിലിടം, മികച്ച ഉപഭോക്തൃസേവനം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മികച്ച സ്ഥാപനങ്ങള്‍ക്ക് വജ്ര,ഗോള്‍ഡ്, സില്‍വര്‍ പുരസ്‌കാരങ്ങള്‍ നല്‍കും. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തി. വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍മേഖലയില്‍ ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താനും മെച്ചപ്പെട്ട തൊഴിലാളിതൊഴിലുടമാ ബന്ധം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് പുതിയ തൊഴില്‍നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
തൊഴില്‍തര്‍ക്കങ്ങളില്ലാതെ സംസ്ഥാനത്ത് സമാധാനപരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കേരളത്തെ തൊഴില്‍സൗഹൃദവും നിക്ഷേപകസൗഹൃദവുമാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് സര്‍ക്കാര്‍. തൊഴില്‍മേഖലയിലെ ഒറ്റപ്പെട്ട അനാരോഗ്യ പ്രവണതകള്‍ തുടച്ചുനീക്കുന്നതിന് തൊഴിലാളികളുടെയും ട്രേഡ്‌യൂനിയനുകളുടെയും പൂര്‍ണ സഹകരണം സര്‍ക്കാരിന് ലഭിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനം സാര്‍വദേശീയതൊഴിലാളി ദിനമായ ഇന്നുമുതല്‍ നടപ്പില്‍ വരികയാണ്.
പുതുകേരളം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരളമിഷന്‍ ജനങ്ങളുടെ പിന്തുണയോടെ വിജയകരമായി മുന്നേറുകയാണ്. നവകേരളമിഷന്റെ ഭാഗമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ ദൗത്യങ്ങള്‍ പൂര്‍ണതയിലെത്തിക്കാന്‍ മുഴുവന്‍ തൊഴിലാളികളും കൈകോര്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും മെയ്ദിന ആശംസകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."