കെ.എം ജോസഫിന്റെ നിയമനം കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊളീജിയത്തിന്റെ ശുപാര്‍ശ മടക്കിക്കൊണ്ട് സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളും കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി മറുപടി നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കൊളീജിയം ചേരാനിരിക്കെയാണ് കൊളീജിയത്തിലെ അംഗം കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലപാട് വ്യക്തമാക്കിയത്.
ജസ്റ്റിസ് ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ ചീഫ് ജസ്റ്റിസുമാര്‍ വേറെ ഉണ്ടെന്നും കേരളാ ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നുമുള്ള ന്യായീകരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയത്.
ദേശീയതലത്തിലുള്ള ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ കെ.എം ജോസഫിന്റെ സ്ഥാനം 42 ആണെന്നും അദ്ദേഹത്തേക്കാള്‍ സീനിയറായ 12 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുണ്ടെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്ക് നല്‍കിയ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ശുപാര്‍ശയില്‍നിന്ന് പിന്നോട്ടുപോകാന്‍ കൊളീജിയം തയാറാകില്ലെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ 2017ലും സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് ജസ്റ്റിസ് ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു.
മാത്രമല്ല, ആരോഗ്യകാരണങ്ങളാല്‍ ഉത്തരാഖണ്ഡില്‍നിന്ന് അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെടുകയും കൊളീജിയം അദ്ദേഹത്തെ ആന്ധ്ര, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടുന്നു.
കൊളീജിയം നല്‍കുന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് ആദ്യം മടക്കാമെങ്കിലും ശുപാര്‍ശ വീണ്ടും നല്‍കിയാല്‍ അത് അംഗീകരിക്കണമെന്നതാണ് വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."