കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം വീണ്ടും മുടങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് വിതരണം വീണ്ടും മുടങ്ങി. പെന്ഷന് മുടങ്ങാതിരിക്കാന്‍ വലിയ ജാഗ്രതയാണ് കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
നിലവില്‍ പെന്ഷന് ആവശ്യമായ പണം സഹകരണ വകുപ്പിനെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട പെന്ഷന് ഇനിയും വിതരണം ചെയ്തിട്ടില്ല. ഇതിനായുള്ള തുക ബാങ്കുകളില്‍ എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. 272 പേര്‍ക്ക് മാര്‍ച്ചില്‍ ലഭിക്കേണ്ട പെന്‍ഷനും കിട്ടിയിട്ടില്ല. പുതിയ നടപടിക്രമം അനുസരിച്ച് പെന്ഷന് അര്‍ഹരായവരുടെ പട്ടിക ഓരോ മാസവും കെ.എസ്.ആര്.ടി.സി സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്ക് കൈമാറണം.
ഈ പട്ടിക അനുസരിച്ചാണ് പെന്ഷന് തുക ബാങ്കുകള്‍ വിതരണം ചെയ്യുന്നത്. കെ.എസ്.ആര്.ടി.സിയുടെ നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അര്‍ഹരായവരുടെ പട്ടിക നേരത്തേതന്നെ കൈമാറിയിട്ടുണ്ടെന്നുമാണ് എം.ഡി ടോമിന് തച്ചങ്കരി പ്രതികരിച്ചത്. അതേസമയം, കെ.എസ്.ആര്.ടി.സി കൈമാറിയ പട്ടികയില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് പട്ടിക ലഭിച്ചതെന്നും സഹകരണ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അര്‍ഹരായവര്‍ക്ക് വൈകാതെ പെന്ഷന് നല്‍കുമെന്നും സഹകരണ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."