നാളേയ്ക്കായി കൈകോര്‍ക്കാം ജലസ്രോതസുകള്‍ മാലിന്യമുക്തമാക്കാന്‍ ജനകീയ പ്രസ്ഥാനം
കണ്ണൂര്‍: ഹരിത കേരളം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും മാലിന്യമുക്തമാക്കാന്‍ വിപുലമായ ജനകീയ പ്രസ്ഥാനമാരംഭിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വെള്ളം വറ്റുന്നതോടെ കുളങ്ങള്‍, തോടുകള്‍, പുഴകള്‍ എന്നിവയില്‍ നിന്ന് മാലിന്യം നീക്കം ചെയ്യും.
ഏപ്രില്‍ ആദ്യ വാരം തുടങ്ങി മെയ് പകുതിയോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കും നേതൃത്വം. ഇതിനായി സന്നദ്ധസേവനം പരമാവധി ഉപയോഗപ്പെടുത്തണം.
ജലസ്രോതസ് നവീകരണത്തിനായുള്ള എസ്റ്റിമേറ്റ് എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി തയാറാക്കി സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ജില്ലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ഇതിനകം 25 പഞ്ചായത്തുകള്‍ പ്ലാസ്റ്റിക് കാരിബാഗ്, ഡിസ്‌പോസിബിള്‍ ഫ്രീ ആയി പ്രഖ്യാപനം നടത്തി. ബാക്കിയുള്ളവ 20നകം പ്രഖ്യാപനം നടത്താന്‍ കഴിയും വിധം പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടികളും കൈക്കൊള്ളും. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് പ്രധാന സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും പരിപാടിയുണ്ട്. ഹരിതകേരളം മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."