ലൈഫ് മിഷന്‍ പദ്ധതി കിതയ്ക്കുന്നു; പൂര്‍ത്തിയായത് 53 ശതമാനം മാത്രം
കൊണ്ടോട്ടി: ലൈഫ് മിഷന്‍ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഒരു മാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടത് 27,488 വീടുകള്‍. എന്നാല്‍ 53 ശതമാനം വീടുകളാണ് ഇതുവരെ പൂര്‍ത്തീകരിക്കാനായത്. മാര്‍ച്ച് 31നുള്ളില്‍ 58,239 വീടുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതു സാധ്യമാകാത്തതിനെ തുടര്‍ന്ന് മെയ് 31 വരെ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ പിന്നിടുമ്പോള്‍ 30,751 വീടുകളാണ് പൂര്‍ത്തീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെയാണ് ലൈഫ് മിഷന്‍ ആദ്യഘട്ടം കഴിഞ്ഞ നവംബര്‍11 മുതല്‍ ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഭവന പദ്ധതികളില്‍ ആനുകൂല്യം ലഭിച്ച് പാതിയില്‍ നിലച്ച ഉപഭോക്താക്കളുടെ വീടു നിര്‍മാണമാണ് ലൈഫ് മിഷന്‍ ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. ഒന്‍പതു വിഭാഗങ്ങളിലായാണ് വീടുകളുടെ പൂര്‍ത്തീകരണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലാണ് കൂടുതല്‍ വീടുകളുള്ളത്. ബ്ലോക്കിനു കീഴിലെ 20,260 വീടുകളില്‍ ഇന്നലെ വരെ 12,196 വീടുകള്‍ പൂര്‍ത്തിയായി. എസ്.ടി വിഭാഗത്തില്‍ 12,728 വീടുകളില്‍ 6,916 എണ്ണവും എസ്.ഇ വിഭാഗത്തില്‍ 5992 വീടുകളില്‍ 1810 വീടുകളുമാണ് പൂര്‍ത്തിയായത്. ഫിഷറീസ് വകുപ്പിനു കീഴിലാണ് കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത്. 419 വീടുകളില്‍ 249 എണ്ണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 16 ശതമാനവും ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ 20 ശതമാനവും ഗ്രാമപഞ്ചായത്ത് 53 ശതമാനവും നഗരസഭകള്‍ 44 ശതമാനവും പൂര്‍ത്തീകരിച്ചു.
ഒന്നാംഘട്ടം പൂര്‍ത്തീകരിക്കേണ്ട തിയതി മെയ് 31ന് തീരും. ആറു മാസം കൊണ്ട് ഏറ്റെടുത്ത പദ്ധതികള്‍ 53 ശതമാനത്തിലെത്തുമ്പോള്‍ ഒരു മാസം കൊണ്ട് എങ്ങനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. കടുത്ത വേനലും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും കൂടിയായതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. രണ്ടാംഘട്ട പ്രവൃത്തികള്‍ ഈ വര്‍ഷം തുടങ്ങാനിരിക്കെയാണ് ആദ്യഘട്ടം ഇഴഞ്ഞു നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."