ഭര്‍ത്താവിന്റെ കൊലപാതകം: ഭാര്യ കുറ്റക്കാരിയെന്നു കോടതി
പറവൂര്‍: ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ഭാര്യ കുറ്റക്കാരിയെന്നു കോടതി. കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിത (39) നെയാണു കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയത്. ശിക്ഷ സംബന്ധിച്ച് ഇന്നു വിധി പറയും.
ഭര്‍ത്താവ് പോള്‍ വര്‍ഗീസ് (42) കൊല്ലപ്പെട്ട കേസിലാണ് കോടതിയുടെ നിഗമനം. സജിതയ്ക്കു കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തില്‍ ടിസന്‍ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണു ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നുമാണ് കണ്ടെത്തിയത്. കേസില്‍ രണ്ടാം പ്രതിയായി ടിസന്‍ കുരുവിള പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അഭാവം മൂലം വെറുതെവിട്ടു.
2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പു സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമര്‍ത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു.
സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസന്‍ കുരുവിളയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസില്‍ നിര്‍ണായക തെളിവായി.
കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നു. തൃക്കാക്കര സി.ഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പി വി.കെ.സനില്‍കുമാര്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി അഹമ്മദ് കോയ ആണു സജിത കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ പി.ശ്രീരാം, കെ.കെ.സാജിത, ജ്യോതി അനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."