അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥന് നിയമവിരുദ്ധ സ്ഥാനക്കയറ്റത്തിന് നീക്കം
കോഴിക്കോട്: അഴിമതിക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥന് നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നല്കാന് നീക്കം. ഇരിങ്ങാലക്കുട ജോയിന്റ് ആര്.ടി. ഓഫിസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എം.കെ പ്രകാശിനെയാണ് ഡിപ്പാര്‍ട്ടുമെന്റല്‍ പ്രൊമോഷന് കമ്മിറ്റി സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വാഹന ഉടമകളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയില്‍ കൃത്രിമം നടത്തിയതിന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രകാശ് വിചാരണ നേരിടുകയാണ്. കഴിഞ്ഞമാസം 10ന് മോട്ടോര്‍വാഹന വകുപ്പിലെ പ്രമോഷന് കമ്മിറ്റി സ്ഥാനക്കയറ്റ ലിസ്റ്റ് തയാറാക്കിയിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരില്‍ നിന്നു ജോയിന്റ് ആര്.ടി.ഒമാരായി സ്ഥാനക്കയറ്റം നല്കാന് ഡി.പി.സി ശുപാര്‍ശ ചെയ്ത 13 പേരില്‍ ഒന്നാംപേരുകാരനാണ് എം.കെ പ്രകാശ്. എന്നാല്‍ ഈ ഉദ്യോഗസ്ഥന് അഴിമതിക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന കാര്യം ശുപാര്‍ശയില്‍ എവിടെയും പരാമര്‍ശിക്കുന്നില്ല. ക്രിമിനല്‍കേസില്‍ വിചാരണ നേരിടുന്നവരെ പ്രമോഷന് പരിഗണിക്കാന്‍ പാടില്ലെന്നാണു ചട്ടം.
പ്രകാശിനെതിരെ അഴിമതിക്കേസില്‍ വിചാരണ നടക്കുന്ന കാര്യം ബന്ധപ്പെട്ട പ്രമോഷന് കമ്മിറ്റിയെ അറിയിക്കേണ്ട ചുമതല വകുപ്പ് തലവനായ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും ഗതാഗത വകുപ്പ് സെക്രട്ടറിക്കുമാണ്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് അനര്‍ഹനായ പ്രകാശിനെ പ്രധാന പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഒരു അഡീഷണല്‍ സെക്രട്ടറിയെ കേന്ദ്രീകരിച്ചുള്ള ഒരു ലോബിയാണ് അനര്‍ഹമായ സ്ഥാനക്കയറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."