ജില്ലയില്‍ 1585 ഹെക്ടര്‍ പാടശേഖരം കൃഷിയോഗ്യമാക്കി
കോട്ടയം : തരിശുരഹിത കോട്ടയം എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പുരോഗതി. സംസ്ഥാന സര്‍ക്കാരിന്റെ തരിശുനില നെല്‍കൃഷി വികസന പദ്ധതിയും തരിശു രഹിത കോട്ടയം പദ്ധതിയും സംയോജിപ്പിച്ചാണ് നെല്‍കൃഷി നടപ്പിലാക്കുന്നത്. ഹരിത കേരളം മിഷനും മീനച്ചിലാര്‍-മീനന്തറയാര്‍- കൊടൂരാര്‍ നദീതട സംയോജനപദ്ധതി പോലുള്ള ജനകീയ കൂട്ടായ്മകളും കൃഷി വ്യാപനത്തിന് ചുക്കാന്‍ പിടിച്ചു. ഇതുവരെ 1585 ഹെക്ടര്‍ ഭൂമിയാണ് തരിശു രഹിതമാക്കിയത്. ഇതിനായി 475.5 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ട്.
വര്‍ഷങ്ങളോളം തരിശു കിടന്നിരുന്ന മെത്രാന്‍ കായല്‍, ഈരയില്‍കടവ് പാടശേഖരം, കടനാട് പാടശേഖരം, കോടിമത മുപ്പായിക്കാട് 200 ഏക്കര്‍ പാടശേഖരം, പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി വരുന്ന 226 ഏക്കര്‍ പാടശേഖരങ്ങള്‍ തുടങ്ങി നിരവധി പാടശേഖരങ്ങളിലേക്ക് പച്ചപ്പ് തിരിച്ച് വന്നു കഴിഞ്ഞു. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തരിശുരഹിത വാര്‍ഡായി പ്രഖ്യാപിച്ച് കഴിഞ്ഞു.
കല്ലറ, വാകത്താനം,പനച്ചിക്കാട് പഞ്ചായത്തുകളെ തരിശു രഹിത പഞ്ചായത്താക്കി പ്രഖ്യാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നെല്‍കൃഷിയ്ക്ക് പുറമെ 107 ഹെക്ടറില്‍ തരിശു പച്ചക്കറി കൃഷി വ്യാപനത്തിനായി 32 ലക്ഷം രൂപ ധനസഹായം നല്‍കാനും കൃഷി വകുപ്പിനായിട്ടുണ്ട്. ഇതു കൂടാതെ സുസ്ഥിര നെല്‍കൃഷി പദ്ധതിയില്‍ 17088 ഹെക്ടര്‍ സ്ഥലത്തെ ഉല്‍പദനോപാധികളുടെ ചെലവിലേക്ക് 1463.52 ലക്ഷം രൂപയും കരനെല്‍കൃഷി വികസന പദ്ധതിയില്‍ 200 ഹെക്ടര്‍ സ്ഥലത്ത് 27.2 ലക്ഷം രൂപയും വിനിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."