ഇ. അഹമ്മദിലെ നയതന്ത്രജ്ഞനെ കണ്ടെത്തിയത് ഇന്ദിരാഗാന്ധി: ഹൈദരലി തങ്ങള്‍
കോഴിക്കോട്: ഇ. അഹമ്മദിലെ നയതന്ത്രജ്ഞനെ കണ്ടെത്തിയത് ഇന്ദിരാഗാന്ധി ആയിരുന്നുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും പ്രശ്‌നമുണ്ടായപ്പോള്‍ അനുരഞ്ജനത്തിനുള്ള പാലമായി ഇന്ദിരാഗാന്ധി പറഞ്ഞയച്ചതും അദ്ദേഹത്തെയായിരുന്നു. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹൈദരലി തങ്ങള്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായാല്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലും ആകാന്‍ കഴിയില്ലെന്നു പറഞ്ഞിരുന്ന കാലഘട്ടത്തില്‍ കണ്ണൂരില്‍നിന്ന് മലബാര്‍ ജില്ലാ എം.എസ്.എഫ് ജോയിന്റ് സെക്രട്ടറിയായി തുടങ്ങിയ അദ്ദേഹം രാജ്യത്തെ ഉന്നതനായ നേതാവായി മാറുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി.
പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത് ഇ. അഹമ്മദായിരുന്നു. ഇന്നത് യാഥാര്‍ഥ്യത്തോട് അടുക്കുകയാണ്. കേരളത്തില്‍ എല്‍.ഡി.എഫ് പ്രളയത്തില്‍ യു.ഡി.എഫ് 19 സീറ്റിലും പരാജയപ്പെട്ടപ്പോള്‍ ആ പ്രളയത്തെ തടുത്ത് നിര്‍ത്തിയത് ഇ. അഹമ്മദ് ഒരാള്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും വേര്‍പാടിന്റെ മുറിവ് മാറിയിട്ടില്ലെന്നും ഹൈദരലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."