കുല്‍ഭൂഷണ്‍ ജാദവിനെതിരേ രാജ്യാന്തര കോടതിയില്‍ തെളിവുകള്‍ ഹാജരാക്കും: പാകിസ്താന്‍
ഇസ്‌ലാമാബാദ്: ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരേ രാജ്യാന്തര കോടതിയില്‍ തെളിവുകള്‍ നല്‍കുമെന്ന് പാകിസ്താന്‍ അറിയിച്ചു. ചാരപ്രവര്‍ത്തന കേസില്‍ ജാദവ് കുറ്റക്കാരനെന്ന് പാക് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജി നിലവില്‍ ഹേഗിലെ രാജ്യാന്തര കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ മാസം 19ന് പരിഗണിക്കുമ്പോള്‍ ജാദവിനെതിരേ കൂടുതല്‍ തെളിവ് നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയാണ് അറിയിച്ചത്. ഈ മാസം 19 മുതല്‍ 21 വരെയാണ് രാജ്യാന്തര കോടതിയില്‍ വിചാരണ നടക്കുക.
പ്രശ്‌നസങ്കീര്‍ണമായ ബലൂചിസ്താന്‍ മേഖലയില്‍നിന്ന് 2016 മാര്‍ച്ചിലാണ് ജാദവ് പിടിയിലായത്. 2017 ആദ്യം ജാദവിനു പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ശിക്ഷ പിന്നീട് സൈനികമേധാവി ശരിവയ്ക്കുകയും ചെയ്തു. ഇതിനിടെ ജാദവിന്റെ ബന്ധുക്കള്‍ നല്‍കിയ ഹരജി പരിഗണിച്ച് രാജ്യാന്തര കോടതി വധശിക്ഷ സ്റ്റേ ചെയ്തു.
ഇന്ത്യയുടെ വിദേശ ചാരസംഘടന റോയുടെ ഉദ്യോഗസ്ഥനാണ് ജാദവ് എന്നാണ് പാകിസ്താന്റെ ആരോപണം. എന്നാല്‍, ഇക്കാര്യം നിഷേധിച്ച ഇന്ത്യ, സന്ദര്‍ശക വിസയില്‍ യാത്രചെയ്യുകയായിരുന്ന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തടവില്‍ പാര്‍പ്പിച്ച ശേഷം സ്വതന്ത്രവിചാരണപോലും നടത്താതെ അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു.
ഇക്കാര്യം വിശദീകരിച്ച് കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യ സത്യവാങ്മൂലവും നല്‍കി. ഈ സത്യവാങ്മൂലത്തിനു മറുപടിയാവും 19നു പാകിസ്താന്‍ നല്‍കുക. ജാദവ് കുറ്റം സമ്മതിച്ചുവെന്നും ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സംഘര്‍ഷഭരിതമായ ബലൂചില്‍ ചാരപ്പണി നടത്തുകയായിരുന്നു അദ്ദേഹമെന്നുമാണ് പാക് വാദം. ഇക്കാര്യവും പാകിസ്താന്‍ രാജ്യാന്തര കോടതിയെ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."