മനുഷ്യസ്നേഹം കാലഘട്ടത്തിന്റെ ആവശ്യം:മാര്‍ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: ജാതി മത-വര്‍ഗ്ഗ ചിന്തകള്‍ക്കതീതമായ മനുഷ്യ സ്‌നേഹവും സഹവര്‍ത്തിത്വവുമാണ് ഇന്നു നമ്മുടെ രാജ്യം എത്തി നില്‍ക്കുന്ന വിപത്തുകള്‍ക്ക് പരിഹാരമെന്ന് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
വര്‍ഗ്ഗീയതയും വിഭാഗീയതയും മതങ്ങളുടെയും ആശയങ്ങള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഫലാഹിയ ഇസ്‌ലാമിക് സെന്ററിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം താജ് പള്ളി ഇമാം ഷിഫാര്‍ അല്‍ കൗസരി അധ്യക്ഷനായി.യോഗത്തില്‍ ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, പി.സി ജോര്‍ജ്ജ് എം.എല്‍.എ, കെ.എച്ച്.എം ഇസ്മായില്‍, ഹുസൈന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
മുഹമ്മദ് നദീര്‍ മൗലവി സ്വാഗതവും കെ.എം അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന വിദ്യാര്‍ത്ഥികളുടെ മോട്ടിവേഷന്‍ ക്ലാസ്സ് മുഹമ്മദ് അര്‍ഷാദ് ഫലാഹി നേതൃത്വം നല്‍കി. പഠനത്തിന്റെ മികവിനും, വളര്‍ച്ചയ്ക്കും അച്ചടക്കവും അനുസരണയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച ഏഴ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സനദ്ദാന സമ്മേളനം ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി.എം മൂസാ മൗലവി ഉദ്ഘാടനം ചെയ്തു. ഇമാം കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചേലക്കുളം അബ്ദുല്‍ ബുഷ്‌റ മൗലവി സനദ് ദാന പ്രസംഗവും, സനദുകള്‍ വിതരണവും ചെയ്തു. സിദ്ധീഖിയ്യാ അറബി കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍സലാം മൗലവി സ്ഥാന വസ്ത്രങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് സലീം മൗലവി മുഖ്യപ്രാഭാഷണം നടത്തി. സി.ബി.വി.സിദ്ധീഖ് സമ്മാനദാനം നിര്‍വ്വഹിച്ചു. പഴയപള്ളി ജമാഅത്ത് പ്രസിഡന്റ് എസ്.എം ഫുവാദ്, അബ്ദുല്‍ നൗഫി മൗലവി, മുഹമ്മദ് ഇസ്മായില്‍ മൗലവി, ഹുസൈന്‍ മൗലവി, മുഹമ്മദ് നദീര്‍മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫലാഹിയ ഇസ്‌ലാമികി സെന്ററിന്റെ ജനറല്‍ സെക്രട്ടറി പി.എസ് അബ്ദുല്‍ മജീദ് സ്വാഗതവും മധുര സലിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."