അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥയെ ഉടമ വെടിവച്ചു കൊന്നു
ഷിംല: അനധികൃത നിര്‍മാണം പൊളിച്ചുമാറ്റാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ഗസ്റ്റ് ഹൗസ് ഉടമ വെടിവച്ചു കൊന്നു. ഉദ്യോഗസ്ഥയ്‌ക്കൊപ്പമുണ്ടായിരുന്ന സഹായിക്കും വെടിയേറ്റു സാരമായി പരുക്കേറ്റു.
ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലെ കസൗളിയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഒഫിസര്‍ ഷൈല്‍ ബാലയാണ് കൊല്ലപ്പെട്ടത്.
നാരായണി ഗസ്റ്റ് ഹൗസ് എന്ന സ്ഥാപനത്തിന്റെ ഉടമ വിജയ്കുമാറാണ് ഇവരെ വെടിവച്ചു വീഴ്ത്തിയത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതിയെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പൊലിസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷിംലയ്ക്ക് 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള 13 അനധികൃത ഹോട്ടലുകളും റിസോര്‍ട്ടുകളും പൊളിച്ചുമാറ്റുന്നതിനായി കോടതി ഉത്തരവിട്ടിരുന്നു. സഞ്ചാരികള്‍ക്ക് സുരക്ഷിതമല്ല എന്നു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്ന കോടതി ഉത്തരവ്. ഇതിനായി സര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളില്‍ ഒന്നിന്റെ മേധാവിയായിരുന്നു ഷൈല്‍ ബാല.
കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി ഷൈല്‍ ബാലയും സംഘവും എത്തുന്നതിനിടെ ഗെയ്റ്റിനടുത്തുവച്ച് വിജയ്കുമാര്‍ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ഷൈല്‍ ബാല മരിച്ചു.
അങ്ങേയറ്റം ഗുരുതരമായ വിഷയം: സുപ്രിം കോടതി
കോടതി ഉത്തരവു നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന നടപടി അങ്ങേയറ്റം ഗുരുതരമായ വിഷയമാണെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
ഒരു വിഭാഗം ചിലര്‍ കോടതി ഉത്തരവുകള്‍ ലംഘിക്കുകയാണ്. ഇങ്ങിനെയാണ് കാര്യങ്ങളെങ്കില്‍ തങ്ങള്‍ ഉത്തരവുകള്‍ ഇറക്കുന്നതു നിര്‍ത്തിവയ്‌ക്കേണ്ടതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കേസ് നാളെ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."