മാമ്പുഴ കൈയേറ്റം സത്വര നടപടികള്‍ക്കായി സമിതി രൂപീകരിച്ചു
കോഴിക്കോട്: മാമ്പുഴയുടെ തീരത്തെ കയ്യേറ്റം ഒഴിപ്പിച്ച് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെ പങ്കാളിത്തത്തോടെ സര്‍വ്വെ സൂപ്രണ്ട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.
മാര്‍ച്ച് 17 ന് ചേരുന്ന അവലോകന യോഗത്തില്‍ ആക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കും. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ക്കായി ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍ ചെയര്‍മാനായി സമിതി രൂപീകരിച്ചു.
അഡീഷണല്‍ തഹസില്‍ദാര്‍ അനിത കുമാരി, സര്‍വ്വെ സൂപ്രണ്ട് കെ. ദാമോദരന്‍ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മാമ്പുഴ, മാങ്കാവ് പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളാണ്.
നേരത്തെ സര്‍വ്വെ നടപടികളുടെ ഭാഗമായി പുഴത്തീരത്തിന്റെ 80 ശതമാനം പ്രദേശത്തും കപ്പിടലും കുറ്റി സ്ഥാപിക്കലും പൂര്‍ത്തീകരിച്ചിരുന്നതാണ്. ചിലയിടങ്ങളിലെല്ലാം കപ്പുകള്‍ മാറ്റി സ്ഥാപിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇങ്ങനെയുളള പ്രദേശങ്ങളില്‍ കൃത്യത വരുത്തേണ്ടതുണ്ട്.
ഇക്കാര്യങ്ങള്‍ പഞ്ചായത്തുകളും റവന്യൂ വകുപ്പുകളും സംയുക്തമായി പരിശോധന നടത്തും.
ഇതിലേക്കായി പഞ്ചായത്തുകള്‍ക്ക് ഫീല്‍ഡ് മാപ്പ് ബുക്ക് നല്‍കുന്നതിന് വില്ലേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.
പുഴയോരത്തെ കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ചു പിടിക്കുന്നതിന് പഞ്ചായത്തുകള്‍ കൂടുതല്‍ ഉത്സാഹം പുലര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു.
എ.ഡി.എം. ടി. ജനില്‍കുമാര്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, സര്‍വ്വേ സൂപ്രണ്ട് കെ.ദാമോദര്‍, പുഴസംരക്ഷണ സമിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."