മൂന്നുകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കുന്ദമംഗലം: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്പനക്കെത്തിച്ച മൂന്ന് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം മുറാബാദ് ഉരോല്ക്കത്ത സ്വദേശി അബ്ദുള്കലമിനെ(28)യാണ് കുന്ദമംഗലം പൊലിസും ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയിലെ ലഹരി മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പൊലിസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു.
പൈമ്പാലശ്ശേരി, മടവൂര്‍ മുക്ക് ഭാഗങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നതായി നാട്ടുകാര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ പൊലിസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ലഹരി ഉപയോഗിക്കുന്ന പലരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഈ ഭാഗങ്ങളില്‍ കഞ്ചാവ് വില്പന നടത്തുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണെന്ന് വ്യക്തമായത്. മടവൂര്‍ മുക്ക്-നരിക്കുനി റോഡില്‍ അമ്പലത്ത് താഴം വെള്ളാട്ട് കുളം ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
കുന്ദമംഗലം എസ്.ഐ എസ്.ബി കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുനീര്‍, എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ്, കെ. പ്രപിന്‍, ഷാലു, കെ.എ ജോമോന്, എന്‍. നവീന്‍, എം. ജിനേഷ്, എ.വി സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."