നീലേശ്വരം നഗരസഭ ജീവനക്കാര്‍ക്കെതിരേ ചെയര്‍മാന്റെ വിമര്‍ശനം
നീലേശ്വരം: നഗരസഭാ ജീവനക്കാര്‍ക്കെതിരേ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്റെ രൂക്ഷ വിമര്‍ശനം. പെന്‍ഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് ചെയര്‍മാന്‍ ജീവനക്കാരെ ശാസിച്ചത്. പെന്‍ഷന്‍ അനുവദിച്ചവരുടെ വിശദവിവരങ്ങള്‍ യോഗത്തിനു മുന്‍പാകെ നല്‍കാന്‍ ജീവനക്കാര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതാണു വിമര്‍ശനത്തിനിടയാക്കിയത്. ജീവനക്കാര്‍ കൗണ്‍സലര്‍മാര്‍ക്കു കീഴ്‌പ്പെട്ടു ജോലി ചെയ്യണമെന്നുവരെ ഒരു ഘട്ടത്തില്‍ ചെയര്‍മാന്‍ പറഞ്ഞു. പിന്നീട് കീഴ്‌പ്പെടുക എന്ന പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു.
പോര്‍ട്ടബിള്‍ ബയോഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയില്‍ കിച്ചണ്‍ ബിന്നുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതു തല്‍ക്കാലം അനുവദിക്കാന്‍ കഴിയില്ലെന്ന ബന്ധപ്പെട്ട ജീവനക്കാരന്റെ മറുപടി ഭരണ പ്രതിപക്ഷാംഗങ്ങളെ ക്ഷുഭിതരാക്കി. ഇതോടെ അല്‍പനേരം യോഗം ബഹളത്തില്‍ മുങ്ങി. പുതുതായി അഞ്ച് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. വരള്‍ച്ച നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ 16നു നാലിനു അനക്‌സ് ഹാളില്‍ യോഗം ചേരും. 35 ടെന്‍ഡറുകളും യോഗം അംഗീകരിച്ചു. ബസ് സ്റ്റാന്‍ഡ്, കല്യാണമണ്ഡപം എന്നിവ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഒഴിപ്പിക്കേണ്ടിവരുന്നവരെ പുനരധിവസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യോഗം ചേരാനും തീരുമാനമായി.
ഇ.എം.എസ് സ്റ്റേഡിയത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കണമെന്നു റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുന്ന പ്രമേയവും അംഗീകരിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അംഗങ്ങളായ എ.കെ. കുഞ്ഞികൃഷ്ണന്‍, പി.പി. മുഹമ്മദ്‌റാഫി, പി.എം. സന്ധ്യ, ടി കുഞ്ഞിക്കണ്ണന്‍, പി രാധ, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്‍, പി.കെ രതീഷ്, പി മനോഹരന്‍, എം സാജിദ, കെ.വി സുധാകരന്‍, കെ.പി കരുണാകരന്‍, സെക്രട്ടറി അഭിലാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."