ഭവന നിര്‍മാണ ബോര്‍ഡ് വായ്പാ അദാലത്തില്‍ 225 കേസുകള്‍ തീര്‍പ്പാക്കി
കല്‍പ്പറ്റ: സംസ്ഥാന ഭവന നിര്‍മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്ത് ആനുകൂല്യങ്ങള്‍ ഗുണഭോക്തക്കള്‍ ഉപയോഗപ്പെടുത്തണമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഭവന വായ്പകള്‍ തീര്‍പ്പാക്കല്‍ വയനാട് ജില്ലാതല അദാലത്ത് കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹെഡ്‌കോയില്‍ നിന്നും വായ്പയെടുത്താണ് ഭവന നിര്‍മാണത്തിന് ബോര്‍ഡ് ധനസഹായം നല്‍കിയത്. നിലവില്‍ സംസ്ഥാനത്താകെ 214 കോടി രൂപ വായ്പ കുടിശ്ശികയായിട്ടുണ്ട്. ഇതില്‍ 508 ഫയലുകളിലായി 48 കോടി ജില്ലയിലും കുടിശ്ശികയാണ്. സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുടിശ്ശിക വയനാട് ജില്ലയിലാണുള്ളത്.
അദാലത്തില്‍ എത്തിയ 392 കേസുകളില്‍ 225 എണ്ണം തീര്‍പ്പാക്കി. ജില്ലയിലെ 44 വില്ലേജുകളിലായി ദീര്‍ഘനാളായി തിരിച്ചടവില്‍ കുടിശ്ശിക വരുത്തിയ 508 ഗുണഭോക്താക്കളില്‍ പരിശോധന നടത്തി കത്തയച്ച 465 പേരില്‍ നിന്നും 392 ഗുണഭോക്താക്കളാണ് അദാലത്തിന് എത്തിയത്. ആകെയുള്ള 508 കേസുകളില്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങളാല്‍ 43 ഗുണഭോക്തകളുടെ കേസുകള്‍ ബോര്‍ഡ് മാറ്റിവച്ചിരിക്കുകയാണ്. തീര്‍പ്പാക്കിയ കേസുകളിലെ ഗുണഭോക്താക്കള്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചാല്‍ മതിയാകും.
തീര്‍പ്പാക്കിയ കേസുകളില്‍ നിന്നും ബോര്‍ഡിനു ലഭിക്കേണ്ട തുക 19,41,18,562 രൂപയാണ്. എന്നാല്‍ നഷ്ടം സഹിച്ച് 14,28,48,615 രൂപ ഇളവു നല്‍കിയാണ് 225 ഗുണഭോക്താക്കളുടെ കേസുകള്‍ ബോര്‍ഡ് തീര്‍പ്പാക്കിയത്. ഒത്തു തീര്‍പ്പിനു തയാറായ ഗുണഭോക്താക്കളില്‍ നിന്നും അദാലത്തിലൂടെ 5,12,69,947 രൂപ ബോര്‍ഡിന് ജില്ലയില്‍ നിന്നും ലഭിക്കും. പലിശയും പിഴപലിശയുമടക്കം ഇളവ് ചെയ്താണ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിയത്.
അദാലത്തിന്റെ ഭാഗമായി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരുടെ സഹകരണത്തോടെ ഗുണഭോക്താക്കളെ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് നിലവിലെ തിരിച്ചടവു ശേഷി, ജീവിത സാഹചര്യം, പ്രായാധിക്യം, രോഗാവസ്ഥ തുടങ്ങിയ വിവരങ്ങളും ശേഖരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളാക്കി തിരിച്ചാണ് പലിശയും പിഴപലിശയുമടക്കം ഒഴിവാക്കാനുള്ള ആനൂകുല്യങ്ങള്‍ക്ക് പരിഗണിച്ചത്. അദാലത്തില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള 167 കേസുകളും അദാലത്ത് വരാത്ത മറ്റു കേസുകളും സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും. അദാലത്തില്‍ വിവിധ കൗണ്ടറുകളിലായാണ് ഫയലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."