വിദ്യാഭ്യാസ കാവിവല്‍ക്കരണം ഇന്ത്യയ്ക്കു നല്ലതാണ്, അതു സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്ത് മോദി സര്‍ക്കാര്‍ കാവിവല്‍ക്കരണം നടപ്പാക്കുന്നുവെന്ന ആരോപണം നിലനില്‍ക്കേ അതിനെ സാധൂകരിക്കുന്ന പ്രസ്താവനയുമായി കേന്ദ്ര മാനവ-വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കത്തേരിയ. വിദ്യാഭ്യാസ രംഗത്തും രാജ്യത്തും കാവിവല്‍ക്കരണം സംഭവിച്ചേക്കാമെന്നാണ് കത്തേരിയ പറഞ്ഞത്.
ശനിയാഴ്ച ലക്നോ യൂണിവേഴ്സിറ്റിയില്‍ നടന്ന 'ഹിന്ദ്വി സ്വരാജ് സമാരോ' ആഘോഷ പരിപാടിയില്‍ സംസാരിക്കവേയാണ് സ്മൃതി ഇറാനിയുടെ സഹമന്ത്രിയുടെ വിവാദ പ്രസ്താവന. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കിന്റെ സാന്നിധ്യത്തിലായിരുന്നു കത്തേരിയ കത്തിക്കേറിയത്.
'നമ്മുടെ സര്‍ക്കാര്‍ വിദ്യാഭ്യാസവും രാജ്യവും കാവിവല്ക്കരിക്കുന്നുണ്ടെന്നു ചില ജനങ്ങള്‍ പറയുന്നതായി റിപ്പോര്‍ട്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലും രാജ്യത്താകമാനവും കാവിവല്‍ക്കരണം നടപ്പിലാവും. എന്താണോ രാജ്യത്തിന് ഗുണം, അതു നടപ്പിലാവുക തന്നെ ചെയ്യും. അതു കാവിവല്ക്കരണമാണെങ്കിലും സംഘ്വാദമാണെങ്കിലും' - കത്തേരിയ പ്രസംഗത്തില്‍ പറഞ്ഞു.
'രാജ്യതാല്പര്യത്തിനു വേണ്ടിയോ അല്ലെങ്കില്‍ രാജ്യത്തിനു ഗുണം ലഭിക്കുന്നതിനു വേണ്ടിയോ... ഏതിന്റെ അടിസ്ഥാനത്തിലാണോ രാജ്യത്തിന് ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാനാവുന്നത്, അതു സിലബസിന്റെ ഭാഗമാക്കേണ്ടേ, അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ ചിന്തയുടെ ഭാഗമാക്കേണ്ടേ?'- കത്തേരിയ ചോദിച്ചു.
നമ്മുടെ കുട്ടികള്‍ മഹാറാണ പ്രതാപിനെക്കുറിച്ചും ശിവജിയെപ്പറ്റിയും വായിച്ചില്ലെങ്കില്‍ പിന്നെ ജംഗിസ് ഖാനെപ്പറ്റിയാണോ വായിക്കേണ്ടതെന്നും കത്തേരിയ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."