കാസര്‍കോട് വൈദ്യുതി ഭവന് നിര്‍മാണോദ്ഘാടനം നാളെ
കാസര്‍കോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ പുതിയ ഇലക്ട്രിക്കല്‍ സെക്ഷനും കാസര്‍കോട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷനും വൈദ്യുതി മന്ത്രി എം.എം. മണി നാളെ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് വൈദ്യുതിഭവന് നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. 12ന് രാവിലെ 9.30ന് സീതാംഗോളിയില്‍ പുതിയ സെക്ഷന്‍ ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷനാവും. പി കരുണാകരന് എം.പി, കെ.എസ്.ഇ.ബി ഡയറക്ടര്‍ ഡോ വി ശിവദാസന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 10.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷനും കാസര്‍കോട് വൈദ്യുതി ഭവന് നിര്‍മാണവും മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാവും.
ജില്ലയിലെ മുപ്പതാമത് സെക്ഷന്‍ ഓഫിസാണ് പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളിയില്‍ ആരംഭിക്കുന്നത്. പുത്തിഗെയിലെ നാലുമുതല്‍ 14 വരെ വാര്‍ഡുകളും ബദിയഡുക്ക പഞ്ചായത്തിലെ ആറുവാര്ഡുകളും കുമ്പള പഞ്ചായത്തിലെ മൂന്നുവാര്‍ഡുകളും മധൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡും ഉള്‍പ്പെടുന്നതാണ് പുതിയ സെക്ഷന്‍. കാസര്‍കോട് സബ്ഡിവിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സെക്ഷന്റെ പരിധിയില്‍75 കിലോമീറ്റര്‍ 11 കെ.വി ലൈനും 421 കി.മി എല്‍.ടി ലൈനും ഉള്‍പ്പെടുന്നു. 106 ട്രാന്‍സ്ഫോമറുകളും 12000 ഉപഭോക്താക്കളുമുണ്ട്. കാസര്‍കോട് ടൗണ്‍ 33 കെ.വി സബ്സ്റ്റേഷന് പരിധിയില്‍ കാസര്‍കോട് മുനിസിപാലിറ്റി, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. മൂവായിരത്തോളം ഗുണഭോക്താക്കള്‍ക്ക് പുതിയ സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."