ചൂടും വരള്‍ച്ചയും കനക്കുന്നു; ജനം ആശങ്കയില്‍
വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതോടെ പലര്‍ക്കും ബോര്‍വെല്‍ ഉള്‍പ്പെടെയുള്ള കിണറുകളില്‍ നിന്നു വെള്ളം ശേഖരിക്കാനും കഴിയുന്നില്ല
കാസര്‍കോട്: ജില്ലയില്‍ ചൂടും വരള്‍ച്ചയും കനക്കുന്നതോടെ ജനം ആശങ്കയില്‍. കഴിഞ്ഞ ആഴ്ച വരെ കനത്ത തണുപ്പ് അനുഭവപ്പെട്ടിരുന്നതില്‍നിന്നു വ്യത്യസ്തമായി പൊടുന്നനെ കാലാവസ്ഥ മാറിയതോടെയാണ് ചൂട് വര്‍ധിക്കാന്‍ തുടങ്ങിയത്. 32 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രണ്ടു ദിവസങ്ങളിലായി അനുഭവപ്പെട്ടുവരുന്നത്.
അതിനിടെ ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത ചൂട് വര്‍ധിക്കുന്നതിനു മുന്‍പ് തന്നെ ജലക്ഷാമവും തുടങ്ങിയിട്ടുണ്ട്. പല പ്രദേശങ്ങളിലും കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
മഴ തുടങ്ങാന്‍ ഇനിയും നാലുമാസം വരെ കാത്തിരിക്കേണ്ട അവസ്ഥയില്‍ ചൂട് കൂടുന്നതും വരള്‍ച്ച അനുഭവപ്പെടുന്നതും കടുത്ത പ്രയാസം സൃഷ്ടിക്കുമെന്നാണ് ആശങ്ക.
അതിനിടെ ജില്ലയിലെ വിവിധ വൈദ്യുത സെക്ഷന്‍ ഓഫിസ് പരിധികളില്‍ അനുഭവപ്പെടുന്ന കടുത്ത വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടായിട്ടില്ല. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതോടെ പലര്‍ക്കും ബോര്‍വെല്‍ ഉള്‍പ്പെടെയുള്ള കിണറുകളില്‍ നിന്നു വെള്ളം ശേഖരിക്കാനും കഴിയുന്നില്ല.
വോള്‍ട്ടേജ് ക്ഷാമം കാരണം വീട്ടുപകരണങ്ങളും ഫാനുകളും ഉള്‍പ്പെടെ നിശ്ചലമാകുന്നു അവസ്ഥയിലാണുള്ളത്. ആവശ്യമായ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാത്തതാണ് വോള്‍ട്ടേജ് ക്ഷാമത്തിനു കാരണമെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."