മത്സ്യത്തൊഴിലാളികളെ വെട്ടി പരുക്കേല്‍പ്പിച്ചു
അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികളെ മത്സ്യവ്യാപാരികള്‍ വെട്ടി മാരകമായി പരുക്കേല്‍പ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് പറവൂര്‍ ഗലീലിയാ ജങ്ഷനില്‍ പുളിക്കല്‍ വീട്ടില്‍ ജോസഫിന്റെ മക്കളായ ജോണ്‍ ജോസഫ് (ജിത്തു-24), സഹോദരന്‍ തോമസ് ജോസഫ് (നന്ദു-22) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ ഉച്ചക്ക് 12.30 ഓടെ പുന്നപ്ര പൊലിസ് സ്റ്റേഷന് വടക്ക് ദേശീയപാതയില്‍ വെച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 ഓടെ മത്സ്യതൊഴിലാളികളും മത്സ്യവ്യാപാരികളും തമ്മില്‍ പറവൂര്‍ ഗലീലിയാ കടപ്പുറത്ത് വെച്ച് സംഘര്‍ഷമുണ്ടാകുകയും മൂന്നു മത്സ്യവ്യാപാരികള്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 10 ഓളം മത്സ്യതൊഴിലാളികള്‍ക്കെതിരേ പുന്നപ്ര പൊലിസ് കേസ് എടുത്തിരുന്നു.
കേസില്‍ പ്രതിയാക്കപ്പെട്ട സഹോദരങ്ങളായ ഇവര്‍ ഇന്നലെ ഉച്ചക്ക് 12 ഓടെ പുന്നപ്ര പൊലിസ് സ്റ്റേഷനില്‍ എത്തി ജാമ്യമെടുത്ത ശേഷം വീട്ടിലേക്ക് ഓട്ടോറിക്ഷായില്‍ മടങ്ങവെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച നടന്ന സംഘട്ടനത്തില്‍ പരുക്കേറ്റ പുന്നപ്ര തെക്ക് പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കൂനാഞ്ഞിലിക്കല്‍ വീട്ടില്‍ സമദ്, ഇയാളോടൊപ്പം ഉണ്ടായിരുന്ന നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ കാറിലും ഇരുചക്ര വാഹനങ്ങളിലുമായി എത്തിയ 20 അംഗ സംഘമാണ് സഹോരങ്ങളായ ഇരുവരെയും വെട്ടി പരുക്കേല്‍പ്പിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പൊലിസിനെ വിവരം അറിയിക്കുകയും എസ്.ഐമാരായ ജി.ഒ മാത്യു, അബ്ദുല്‍ റഹീം, സീനിയര്‍ പൊലിസ് ഓഫിസര്‍മാരായ അജേഷ്, ബോബന്‍, മാത്യു ജോസഫ് എന്നിവരെത്തി വെട്ടേറ്റ് റോഡില്‍ കിടന്ന ഇവരെ പൊലിസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ പൊലിസ് മേധാവി കെ.എം ടോമി, ഡിവൈ.എസ്.പി, പി.ബി ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിവിധ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."