പാറശാലയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിനു നേരെ കല്ലേറ്
പാറശാല: പാറശാലയ്ക്ക് സമീപം കൊറ്റാമം ദേശീയ പാതയില്‍ ഇന്നലെ വൈകുന്നേരം കാറിലെത്തിയ നാലു പേര് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിനു നേരെ നടത്തിയ കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകരുകയും ഡ്രൈവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
നാഗര്‍കോവില്‍ ഡിപ്പോയിലെ തമിഴ്നാട് ആര്.ടി.സി ബസിലെ ഡ്രൈവര്‍ കുമാരദാസിനാണ് കല്ലേറില്‍ പരുക്കേറ്റത്.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടുകൂടി നെയ്യാറ്റിന്‍കര ടി.ബി ജങ്ഷനില്‍വച്ച് ഒരേ ദിശയില്‍ വരികയായിരുന്ന കാറുമായി ബസ് ഉരസിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാലു പേര് ബസ് ഡ്രൈവറെ മര്‍ദ്ധിക്കാന്‍ ശ്രമിച്ചത്. നാട്ടുകാരും ബസിലെ യാത്രക്കാരും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്.
ബസിന്റെ ബാണറ്റ് കൊണ്ട് കാറിനുണ്ടായ നഷ്ടം നല്‍കാമെന്ന് പറഞ്ഞ് ബസ് കണ്ടക്ടര്‍ വൈകുണ്ഠമണിയുടെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിച്ച് യാത്ര തുടര്‍ന്നെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ കൊറ്റാമം ദേശീയ പാതയില്‍ കാറിലെത്തിയ നാലംഗ സംഘം കാത്ത് നില്‍ക്കുകയും ബസിനു നേരെ കല്ലുകള്‍ വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് ദേശീയ പാതയില്‍ സര്‍വിസുകള്‍ നടത്തിവരികയായിരുന്ന മറ്റ് തമിഴ്നാട് ആര്.ടി.സി ബസുകള്‍ കൊറ്റാമത്ത് സര്‍വിസുകള്‍ നിര്‍ത്തി വയ്ക്കുകയും നാട്ടുകാരുടെ ഇടപെടലില്‍ സര്‍വിസ് തുടരുകയുമായിരുന്നു.
പാറശാല പൊലിസില്‍ ബസ് ജീവനക്കാര്‍ നല്കിയ പരാതിയെ തടര്‍ന്ന് പൊലിസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."