പിണറായി ഭരണത്തില്‍ സ്ത്രീപീഡനത്തിനു സര്‍വകാല റെക്കോഡ്: ആര്‍.എം.പി.ഐ
വാടാനപ്പള്ളി: പിണറായി വിജയന്‍ സര്‍ക്കാര്‍ പത്തു മാസം തികയാറാകുമ്പോഴേക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ സര്‍വ റെക്കോഡുകളും തകര്‍ത്തിരിക്കുകയാണെന്ന് ആര്‍.എം.പി.ഐ നാട്ടിക മേഖലാ കമ്മിറ്റി ആരോപിച്ചു.സ്ത്രീ പീഡനങ്ങള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണു എല്‍.ഡി.എഫ് വോട്ടര്‍മാരെ സമീപിച്ചത്. സ്ത്രീ സംരക്ഷണം ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ആര്‍.എം.പി.ഐ കുറ്റപ്പെടുത്തി. ഒരു അന്താരാഷ്ട്ര വനിതാ ദിനം കൂടി കടന്നു പോയ ഈ ഘട്ടത്തില്‍ കേരളത്തില്‍ ആകമാനം പെണ്‍ നിലവിളികളുടെ കരളലിയിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
കൊട്ടിയൂരില്‍ മതപുരോഹിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി, ഒരു കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തപ്പോള്‍ ക്രൈസ്തവ സഭാ നേതൃത്വം എടുത്ത നിലപാട് ആശങ്കാജനകമാണ്. വാളയാറിലും വയനാട്ടിലും നിന്ന് ഞെട്ടിപ്പിക്കുന്ന പീഢന വാര്‍ത്തകളാണ് പുറത്തു വരുന്നത്. വാളയാറില്‍ അട്ടപ്പാളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതാണ് എന്ന വാര്‍ത്തയും മലയാളികളുടെ ശിരസ്സ് കുനിപ്പിക്കുന്നതാണ്. ഒരു മാസം മുമ്പു നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് പൊലിസ് കൈക്കൊണ്ടത്. പ്രതികളും ഇവരെ സഹായിച്ചവരും ഗൂഢാലോചന നടത്തിയവരും പലപ്പോഴും രാഷ്ട്രീയ ഇടപെടലുകളിലൂടെ സംരക്ഷിക്കപ്പെടുന്നതും പഴുതുകളടച്ചുള്ള നിയമത്തിന്റെ അഭാവവും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുകയാണ്. സിനിമാ നടികളുള്‍പ്പെടെ ഉന്നതര്‍ മുതല്‍ സാധാരണ പെണ്‍കട്ടികള്‍ വരെ എപ്പോഴും എവിടെയും പിച്ചിചീന്തപ്പെടും എന്ന അരക്ഷിതാവസ്ഥയിലേക്ക് സ്ത്രീസമൂഹം മാറിയിരിക്കുന്നു.
ചലച്ചിത്ര നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികളെ കണ്ടെത്തും മുമ്പേ ഗൂഢാലോചനയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രിക്ക് കീഴില്‍ വനിതാ സമൂഹം സുരക്ഷിതമല്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്ത വിധം പഴുതുകളില്ലാതെ നിയമം നടപ്പില്‍ വരുത്തണമെന്നും ആര്‍.എം.പി.ഐ ആവശ്യപ്പെട്ടു. യോഗത്തില്‍ വി.പി.രഞ്ജിത്ത് അധ്യക്ഷനായി. കെ.എസ് ബിനോജ്, കെ.ജി സുരേന്ദ്രന്‍, ഇ.വി ദിനേശ്കുമാര്‍, ആര്‍.എം ഷംസു, എ.വി പ്രദീപ് ലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."