ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം കഠിനതടവ്
തൊടുപുഴ: വാടകവീട്ടില്‍ താമസിക്കുന്നതിനിടയില്‍ ഭാര്യയെ കൊലപ്പെടുത്തി നാടുവിട്ട ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം കഠിനതടവ്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് റാണിപുരം സ്വദേശി മിറാജുള്‍ ഇസ്‌ലാം ഷേഖിനെ (35) യാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജീവപര്യന്തം കഠിനതടവിനും 25000 രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചത്.
ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി നസീമ ബേവ (32) യാണ് കൊല്ലപ്പെട്ടത്. 2014 നവംബര്‍ 15ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. പ്രതി ഭാര്യയെയും നാലുവയസുള്ള മകളെയും കൂട്ടി സംഭവത്തിന് മൂന്ന് ദിവസം മുന്‍പാണ് തൊഴിലന്വേഷിച്ച് ബംഗാളില്‍ നിന്ന് തൊടുപുഴയിലെത്തിയത്. പ്രതിക്ക് ഇടവെട്ടിയില്‍ മുജീബ് എന്നയാളുടെ വീട് സുഹൃത്തുക്കള്‍ വാടകക്ക് ഏര്‍പ്പാട് ചെയ്തു കൊടുക്കുകയായിരുന്നു. ഇവിടെവെച്ചായിരുന്നു കൊലപാതകം.
കേസില്‍ വീട്ടുടമ മുജീബ് ഒന്നാം സാക്ഷിയും സുഹൃത്തുക്കളായ ആസാം സ്വദേശികള്‍ 13,15 സാക്ഷികളുമാണ്. വാടക വീട്ടില്‍ താമസം തുടങ്ങിയതിന്റെ അടുത്ത ദിവസം മുതല്‍ പ്രതി ഭാര്യയുമായി കലഹം തുടങ്ങിയിരുന്നു. ബംഗാളില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള വസ്തു അയാള്‍ തന്റെ ആദ്യ ഭാര്യയ്ക്ക് എഴുതി കൊടുക്കുന്നതിനെ കൊല്ലപ്പെട്ട നസീമ ചോദ്യം ചെയ്തതാണ് കാരണം. നാലു വയസുകാരിയായ മകള്‍ ജഹറ ഹാത്തൂണ്‍ പിതാവിന്റെ ക്രൂരകൃത്യങ്ങള്‍ക്ക് സാക്ഷിയായിരുന്നുവെങ്കിലും പ്രതികരിക്കാനാവാത്ത നിസഹയാവസ്ഥയിലായിരുന്നു.
എന്നാല്‍, കേസിന്റെ സാക്ഷിയായ മകള്‍ നടത്തിയ വെളിപ്പെടുത്തലാണ് പ്രതിക്കെതിരെ നിര്‍ണായക തെളിവായത്. ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ വിളികള്‍ പിന്തുടര്‍ന്ന് 13 ദിവസത്തിന് ശേഷമാണ് തൊടുപുഴ പൊലിസ് പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എബി ഡി. കോലോത്ത് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."