കൊച്ചിയില്‍ ഓട്ടോറിക്ഷാ നിരക്ക് തോന്നും പോലെ; ചോദ്യംചെയ്താല്‍ അസഭ്യവര്‍ഷം
സ്വന്തം ലേഖിക
കൊച്ചി: നഗരത്തില്‍ ഓട്ടോറിക്ഷാ നിരക്ക് തോന്നുംപോലെ. ഡീസല്‍ വില ഉയര്‍ന്നു എന്ന കാരണംപറഞ്ഞാണ് യാത്രക്കാരില്‍ നിന്നും അധിക ചാര്‍ജ് ഈടാക്കുന്നത്. ചിലര്‍ മാന്യമായി ഉയര്‍ന്ന നിരക്ക് ചോദിച്ചുവാങ്ങുമ്പോള്‍ മറ്റുചിലര്‍ ഓട്ടോയില്‍ കയറുന്ന സ്ത്രീകളെ പോലും അസഭ്യ വര്‍ഷം ചൊരിഞ്ഞാണ് ഇരട്ടിയും അധിലധികവുമൊക്കെ പിടിച്ചുവാങ്ങുന്നത്.
ദൂരസ്ഥലങ്ങളില്‍ നിന്ന് ബസില്‍ വന്നിറങ്ങി ഓട്ടോയില്‍ കയറുന്നവരെയാണ് ഇവര്‍ കൂടുതലായും ചൂഷണം ചെയ്യുന്നത്. പലപ്പോഴും ഇവര്‍ മെട്രോ നിര്‍മാണത്തിന്റെ പേരുപറഞ്ഞ് യാത്രക്കാരെ നഗരം ചുറ്റിയാണ് യഥാസ്ഥാനത്ത് എത്തിക്കുന്നത്. ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ്് ഇരുപത് രൂപയാണ്. ഒന്നരകിലോ മീറ്റര്‍ ദൂരത്തേക്കാണ് മിനിമം നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു കിലോമീറ്റര്‍ പോലും യാത്ര ചെയ്താല്‍ മിനിമം നിരക്കില്‍ അധികം നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. മിക്ക ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല.
മീറ്റര്‍ റീഡിങ് ചോദിച്ചാല്‍ രണ്ടുതരത്തിലാണ് പ്രതികരണം. ചിലര്‍ മാന്യമായി പറയും മീറ്ററില്‍ പറയുന്ന ചാര്‍ജ് നല്‍കിയാല്‍ തങ്ങള്‍ക്ക് ഡീസല്‍ വാങ്ങാനുള്ള പണം കിട്ടില്ല, ജീവിക്കാന്‍ പറ്റില്ല, വീട് പട്ടിണിയാകും എന്നൊക്കെ മറ്റുചിലരാകട്ടെ സ്ത്രീകളോടും പെണ്‍കുട്ടികളോടും മുതിര്‍ന്നവരോടും പോലും തട്ടിക്കയറും. തങ്ങള്‍ക്ക് മീറ്റര്‍ വയ്ക്കാന്‍ സൗകര്യമില്ലെന്നും ഞങ്ങള്‍ പറയുന്നതാണ് ഇവിടെ ചാര്‍ജെന്നും പറഞ്ഞ് അസഭ്യം പറയും. ഇത്തരക്കാരെപ്പറ്റി പരാതി പറയാന്‍പോലും കൂട്ടാക്കാതെ ചോദിക്കുന്ന പണം നല്‍കി നാണക്കേടില്‍ നിന്ന് രക്ഷപെടുകയാണ് പല സ്ത്രീകളും.
രാത്രികാലങ്ങളില്‍ ഓടുന്ന ഓട്ടോറിക്ഷകളെപ്പറ്റിയും പരാതി ഉയര്‍ന്നിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അഡ്ച് കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച യുവതിയില്‍ നിന്ന് 215രൂപ ഈടാക്കിയതായും പരാതി ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പാണ് ഓട്ടോറിക്ഷകളില്‍ മിനിമം ചാര്‍ജ് 20 രൂപയാക്കി നിശ്ചയിച്ചത്. രാത്രി 10നും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ എല്ലാ സ്ഥലത്തേക്കും മീറ്റര്‍ നിരക്കിന്റെ 50 ശതമാനം അധികം ഇടാക്കാം എന്നാണ് നിയമം. എന്നാല്‍ ജില്ലയില്‍ ഡീസല്‍വില 71.52 രൂപയായി ഉയര്‍ന്നിട്ടും നിരക്ക് വര്‍ധിപ്പിച്ചില്ലെന്ന പേരുപറഞ്ഞാണ് ഇവര്‍ തോന്നുംപോലെ നിരക്ക് ഈടാക്കുന്നത്. മീറ്റര്‍ ഘടിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകളില്‍ കയറാന്‍ ഭയക്കുകയാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."