മുളപൊട്ടിയ നെല്ല് മില്ലുടമകള്‍ എടുക്കുന്നില്ലെന്ന് കര്‍ഷകര്‍
അന്തിക്കാട്: ഒടിഞ്ഞു വീണ നെല്‍ച്ചെടികള്‍ വീണ്ടും മുളച്ചത് കര്‍ഷകര്‍ക്ക് ദുരിതമായി. കൊയ്ത്ത് ആരംഭിച്ച മണലൂര്‍ താഴം പടവില്‍ വ്യാപകമായി ഒടിഞ്ഞു വീണ നെല്‍ കതിരുകളിലാണ് വീണ്ടും മുളപൊട്ടിയത്. പടവില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് ഇത്തരത്തില്‍ മുള പൊട്ടിയിട്ടുണ്ട്. നെല്ല് വീണ്ടും മുളപൊട്ടിയതോടെ ഇത് കൊയ്തെടുത്തിട്ടും ഫലമില്ലെന്ന അവസ്ഥയിലാണ് കര്‍ഷകര്‍.
നൂറുമേനി വിളവ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയായി. പണ്ടം പണയം വെച്ചും അമിത പലിശയ്ക്ക് ബാങ്കില്‍ നിന്ന് പണം വായ്പയെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിട്ടുള്ളത്. പടവില്‍ കൊയ്ത്ത് വൈകിയതാണ് നെല്‍ച്ചെടികള്‍ വ്യാപകമായി ഒടിഞ്ഞു വീഴാനും മുളയ്ക്കാനും കാരണമായതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. മുള പൊട്ടിയ നെല്ല് മില്ലുടമകള്‍ കൊണ്ടുപോകാന്‍ തയാറാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. കൂടാതെ തൂക്കത്തില്‍ ഗണ്യമായി കുറവ് വരുത്തുകയും ചെയ്യും.
മുളച്ച നെല്ലും വീണു കിടക്കുന്ന നെല്‍ച്ചെടികളും യന്ത്രത്തില്‍ കൊയ്തെടുക്കാന്‍ പ്രയാസമാണ്. കൊയ്തെടുക്കണമെങ്കില്‍ കൂടുതല്‍ സമയമെടുക്കുകയും യന്ത്ര കൂലിയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യും. കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം തീര്‍ക്കാന്‍ കൃഷി വകുപ്പധികൃതര്‍ തയാറാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."