വേനല്‍ കനത്തു: ഗ്രാമീണ മേഖലകളില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു
എടത്തറ: വേനല്‍ കനത്തതോടെ ഗ്രാമീണ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പറളി, എടത്തറ, തലപ്പൊറ്റ, ഓടനൂര്‍ എന്നിവടങ്ങളിലെല്ലാം ഇപ്പോള്‍ തന്നെ കുടിവെള്ളം ദൗര്‍ലഭ്യമാണ്. വീടുകളില്‍ സ്വന്തമായി പൈപ്പോ, കിണറോ ഇല്ലാത്തവര്‍ക്ക് സമീപത്തെ പൊതുകിണറുകളും, പൊതുപൈപ്പുകളുമാണ് ആശ്രയമായിട്ടുള്ളത്. എന്നാല്‍ മിക്കയിടത്തും പൊതുകിണറുകള്‍ വെള്ളമില്ലാതെയും വെള്ളമുള്ളതാകട്ടെ പാഴ്‌ച്ചെടികളും കുപ്പകളും നിറഞ്ഞ് മലിനമായും ഉപയോഗശൂന്യമായും കിടക്കുന്ന അവസ്ഥയാണ്.
പൊതു ടാപ്പുകളിലാകട്ടെ വെള്ളം വരുന്നത് പലപ്പോഴും മാത്രം. അഥവാ വെള്ളം വന്നാല്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രമാണ് വെള്ളം കിട്ടുന്നത്. ഒരു പ്രദേശത്ത് 50ഓളം വീടുകളുള്ളിടത്ത് നാലോ അഞ്ചോ പൈപ്പുകള്‍ മാത്രമാണെന്നിരിക്കെ ഇത്തരത്തില്‍ വെള്ളം വരുമ്പോള്‍ കിട്ടുന്നതാകട്ടെ വെള്ളം പരിമിതവും. എടത്തറ മഹിമ കല്ല്യാണമണ്ഡപത്തിനു സമീപം പറളി പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍പ്പെട്ട പിള്ളക്കോട് പൈപ്പില്‍ വെള്ളം വരുന്നത് ഒന്നോ രണ്ടോ ദിവസം ഇടവിട്ടിട്ടാണ്. ഇനി വെള്ളം വന്നാല്‍ കിട്ടുന്നതാകട്ടെ നാലോ അഞ്ചോ കുടം വെള്ളമാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. ഈ വെള്ളം ശുദ്ധീരിക്കാത്തതിനാല്‍ കുടിക്കാന്‍പ്പോലും പറ്റാത്തതിനാല്‍ ഇതര ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാനാവൂ.
കൂടാതെ ഭക്ഷണം പാകംചെയ്യാനും മറ്റും സമീപത്തെ കിണറുകളെ ആശ്രയിക്കണം. പൈപ്പുകള്‍ക്കു പിന്നില്‍ കുടങ്ങള്‍ നിരത്തിവച്ച് വെള്ളത്തിനായുള്ള കാത്തിരിപ്പിന്റെ കാഴ്ചയാണ് വേനല്‍ കനക്കുന്നതോടെ മിക്കയിടത്തും കാണുന്നത്. പഞ്ചായത്തിന്റെ ജലനിധി കണക്ഷന്‍ മിക്കയിടത്തും എത്താത്തതും പൊതുടാപ്പുകള്‍ കുറഞ്ഞതുമാണ് മിക്ക മേഖലകളിലേയും കുടിവെള്ളം കിട്ടാകനിയാകുന്നത്. കഴിഞ്ഞദിവസം പറളി-ചന്തപുര ഭാഗത്ത് വിതരണം ചെയ്ത വെള്ളത്തിന് ദുര്‍ഗന്ധവും രുചിവ്യത്യാസവും വന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു.
കിഴക്കന്‍ മേഖലകളില്‍ വേനല്‍കാലത്ത് കുടിവെള്ളത്തിന് ടാങ്കറുകളെ ആശ്രയിക്കുന്നതെങ്കില്‍ പടിഞ്ഞാറന്‍ഭാഗത്ത് ടാങ്കര്‍വെള്ളമെത്തുന്നത് വിരളമാണ്. ജനവാസമേഖലകളിലെ പൊതുകുളം നാമാവശേഷമാകുന്നതു മൂലം കുളങ്ങളിലെ കുളിക്കലും അലക്കലുമെല്ലാം ഇല്ലാതായി. ഗ്രാമീണമേഖലകളില്‍ മിക്ക വീടുകളും കുടിവെള്ളത്തിനാശ്രയിക്കുന്നത് സ്വന്തം വളപ്പിലെ കിണറുകളോ, കുഴല്‍കിണറോ ആയിരിക്കും. വേനല്‍ കനക്കുന്നതിനുസരിച്ച് കിണറുകള്‍ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കുകയും പൊതുടാപ്പുകളിലൂടെയുള്ള ജലവിതരണം കൂടുതല്‍ സമയമാക്കുകയും ചെയ്യാത്തിടത്തോളം വരുംനാളുകളില്‍ ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടുമോ എന്ന ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."