പ്രളയാനന്തരം ക്ഷീര മേഖലയ്ക്ക് ഉണര്‍വ്; ജില്ലയില്‍ ചെലവഴിച്ചത് 82.55 ലക്ഷം
പാലക്കാട്: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്കായി ജില്ലയില്‍ ഇതുവരെ 82.55 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ക്ഷീരവികസന രംഗത്ത് പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി 1.62 കോടി അനുവദിച്ചതില്‍ ഭൂരിഭാഗവും കര്‍ഷകര്‍ക്ക് ധനസഹായത്തിനും ക്ഷേമപ്രവര്‍ത്തികള്‍ക്കുമാണ് ചെലവഴിച്ചത്. ബാക്കി തുക വിനിയോഗിച്ച് വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഫെബ്രുവരി അവസാനവാരത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപൂട്ടി ഡയരക്ടര്‍ പി.എ ബീന അറിയിച്ചു.
പ്രളയത്തില്‍ ജില്ലയിലെ ക്ഷീരമേഖലയില്‍ 2.43 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 88-പശുക്കള്‍, 25-കിടാരികള്‍, 14-പശുക്കുട്ടികള്‍, രണ്ട്-എരുമകള്‍ എന്നിവയാണ് പ്രളയത്തില്‍ നഷ്ടപ്പെട്ടത്. 332 ഓളം തൊഴുത്തുകള്‍ക്കും കേടുപാട് സംഭവിച്ചു. ചിലത് പൂര്‍ണമായി നശിച്ചു. ഈ ഇനത്തില്‍ 1.18 കോടിയുടെ നഷ്ടമുണ്ടായി.
ഹെക്ടര്‍ കണക്കിന് തീറ്റപ്പുല്ല്, ഉണക്കപ്പുല്ല്, 987 ബാഗ് ക്യാറ്റില്‍ ഫീഡ് എന്നിവയും നശിച്ചു. കര്‍ഷകരുടെ നഷ്ടം നികത്തുന്നതിന് ക്ഷീര വികസന വകുപ്പിന്റെ സ്‌പെഷല്‍ റീഹാബിലിറ്റേഷന്‍ പദ്ധതി മുഖേന 130 ക്ഷീര കര്‍ഷകര്‍ക്ക് പശുകളെ നല്‍കി. നിലവില്‍ 50 കാലിത്തൊഴുത്തുകളുടെയും ഒന്‍പത് ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെയും നിര്‍മാണ- പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്.
പ്രളയ ദുരിത ബാധിതരുടെ പശുക്കള്‍ക്ക് കാലിത്തീറ്റ വാങ്ങുന്നതിന് ചാക്കൊന്നിന് 700 രൂപ വീതം 32.20 ലക്ഷം നല്‍കി. ക്ഷീരവികസന വകുപ്പ് ഡയരക്ടറുടെ ഉത്തരവ് പ്രകാരം ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേന ആറ് ലക്ഷം സമാഹരിച്ചതില്‍ 33 കര്‍ഷകര്‍ക്ക് കാലിത്തൊഴുത്ത് നിര്‍മാണത്തിനുള്ള തുകയും വിതരണം ചെയ്തു. സഹകരണ സംഘങ്ങള്‍ പിരിച്ചെടുത്ത ബാക്കി തുക പ്രളയ ദുരിതത്തില്‍പെട്ട മറ്റു ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."