സഊദി - ബഹ്‌റൈന്‍ സമാന്തര കോസ്‌വേ നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; നിര്‍മ്മാണത്തിന് 250 കമ്പനികള്‍ രംഗത്ത്
#അബ്ദുസ്സലാം കൂടരഞ്ഞി
ദമാം: സഊദി അറേബ്യയെയും ബഹ്‌റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ കോസ്‌വേ നിര്‍മ്മാണത്തിനായിട്ടുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. നിലവില്‍ ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് കടലിനു കുറുകെയുള്ള കിംഗ് ഫഹദ് കോസ്‌വേക്കു സമാന്തരമായാണ് റെയില്‍പാതയും മറ്റു വിശാലമായ സൗകര്യങ്ങളുമടക്കം പുതിയ പാലം നിര്‍മിക്കുന്നത്. കോസ്‌വേയുടെ നിര്‍മ്മാണത്തിന് സന്നദ്ധമായി ഇതിനകം 250 ഓളം പ്രാദേശിക അന്തരാഷ്ട്ര നിര്‍മ്മാണ കമ്പനികള്‍ രംഗത്തെത്തിയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഇമാദ് അല്‍മുഹൈസിന്‍ വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷമാണ് സഊദിയും ബഹ്‌റൈനും സംയുക്തമായി പുതിയ സമാന്തര കോസ്‌വേ പ്രഖ്യാപിച്ചത്. ശേഷം ആഴ്ചകള്‍ക്ക് മുന്‍പാണ് പദ്ധതിയിലേക്ക് നിക്ഷേപം ക്ഷണിച്ച് അന്താരാഷ്ട്ര കമ്പനികളെ സമീപിച്ചത്. 400 കോടി ഡോളര്‍ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്ന കോസ്‌വേ നിര്‍മ്മാണം 2021ഓടെ ആരംഭിക്കാനാണ് പദ്ധതി. നിലവിലെ കോസ്‌വേക്ക് സമാന്തരമായി റോഡ്,റെയില്‍ ഗതാഗത സംവിധാനങ്ങളടങ്ങിയ പുതിയ പാത നടപ്പിലാവുന്നതോടെ സഊദി ബഹ്‌റൈന്‍ ചരക്ക് നീക്കം സുഖമമാകുന്നതോടൊപ്പം മറ്റു ജി.സി.സി രാജ്യങ്ങളിലേക്കും ഇത് വഴി യാത്രാ ചരക്കു നീക്കവും എളുപ്പമാകും.
പാസഞ്ചര്‍ ട്രെയിനുകള്‍ക്കും ഗുഡ്‌സ് ട്രെയിനുകള്‍ക്കും പ്രത്യേകം പ്രത്യേകം റെയില്‍പാതകള്‍ പുതിയ പാലത്തിലുണ്ടാകും. ഈ റെയില്‍പാതകളെ ദമാം റെയില്‍വേ സ്റ്റേഷന്‍ വഴി സഊദിയിലെ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കും. ഒമ്പതു വര്‍ഷത്തിനുള്ളില്‍ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ എണ്ണം, ഭാരം എന്നിവയുമായി ബന്ധപ്പെട്ട മുഴുവന്‍ സാങ്കേതിക കാര്യങ്ങളും കണക്കിലെടുത്താണ് പുതിയ പാലം നിര്‍മിക്കുന്നത്.
കിംഗ് ഫഹദ് കോസ്‌വേയില്‍ ബഹ്‌റൈന്‍ ഭാഗത്ത് യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാബിനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഏക പ്രതിബന്ധം ഗള്‍ഫ് പവര്‍ ഗ്രിഡ് വൈദ്യുതി കേബിളുകളുടെ സാന്നിധ്യമാണ്. വാഹനങ്ങളുടെയും ലോറികളുടെയും യാത്രക്കാരുടെയും എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഈ പ്രതിബന്ധം ഏതു വിധേന മറികടക്കുമെന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."