അച്ഛനൊപ്പം ആര്‍ക്കിടെക്ടാകാന്‍ നിശാന്ത് കൃഷ്ണ
കോഴിക്കോട്: അച്ഛന്‍ അനില്‍കുമാര്‍ കാന്‍വാസില്‍ കോറിയിടുന്ന അളവുകളും കണക്കുകളും വീടുകളുടെ മാതൃകയുമെല്ലാം കണ്ടാണ് അക്കങ്ങളോടും കെട്ടിടത്തിന്റെ രൂപരേഖകളോടുമെല്ലാം നിശാന്ത് കൃഷ്ണ കൂട്ടുകൂടുന്നത്. കളിച്ചുകളിച്ച് ഒടുവില്‍ കളി കാര്യമായി. പക്ഷേ അത് എല്ലാവരും തിരിച്ചറിയുന്നത് കേരള ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിങ്ങില്‍ രണ്ടാം റാങ്കുമായി നിശാന്ത് വീട്ടിലെത്തിയപ്പോഴാണ്.
തന്റെ വിജയത്തിനു പിന്നിലെ പൂര്‍ണ ക്രെഡിറ്റും നിശാന്ത് അച്ഛനാണു നല്‍കുന്നത്. അച്ഛനൊപ്പം ആര്‍ക്കിടെക്ചറായി ജോലി ചെയ്യണമെന്നതാണു മകന്റെ ആഗ്രഹവും. റാങ്ക് നേരത്തെ തന്നെ നിശാന്ത് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം റാങ്ക് ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന നിശാന്ത് പഠനത്തോടൊപ്പം എന്‍ട്രന്‍സിനും തയാറെടുത്തിരുന്നു. മാങ്കാവ് കേന്ദ്രമായുള്ള സ്വകാര്യ എന്‍ജിനീയറിങ് എന്‍ട്രന്‍സ് സ്ഥാപനത്തില്‍ രണ്ടാഴ്ചത്തെ പരിശീലനത്തിനു പോയതും തുണയായതായി നിശാന്ത് പറയുന്നു. പാഠപുസ്തക പഠനത്തോടൊപ്പം പഠനവിഷയം നിത്യജീവിതത്തിന്റെ ഭാഗമായതു കൊണ്ടുതന്നെ അവയെല്ലാം പഠിച്ചെടുക്കാന്‍ നിശാന്തിന് എളുപ്പമായിരുന്നു. അച്ഛനു പുറമെ മാതാവ് ദീപാ അനില്‍കുമാറും മകനു പിന്തുണയും പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ട്. അഹമ്മദാബാദില്‍ തുടര്‍പഠനം നടത്തണമെന്നാണ് ഈ മിടുക്കന്റെ ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."