പുലിപ്പേടിയില്‍ നാടും നഗരവും
കണ്ണൂര്‍: യഥാര്‍ഥ പുലിയുടെ വീര്യം അനുഭവിച്ച കണ്ണൂരുകാരുടെ പുലിപ്പേടി വിട്ടുമാറിയില്ല. കണ്ണൂര്‍ കുറുവ അവേര പാലത്തിനടുത്ത് വീണ്ടും പുലിയെ കണ്ടതായുള്ള അഭ്യൂഹം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നേരത്തെ കീഴല്ലൂരിനടുത്തെ മൈലാടി, ഉരുവച്ചാല്‍ മണക്കായി എന്നിവടങ്ങളില്‍ പുലിയിറങ്ങിയതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഇവിടങ്ങളില്‍ വനപാലകര്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ പിടികൂടാനായില്ല. പ്രദേശവാസികള്‍ കണ്ടത് പുലിയാണോയെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ വനപാലകര്‍ക്കു ഇനിയും കഴിഞ്ഞിട്ടില്ല.
ഇന്നലെ രാവിലെ ഒരു വീട്ടമ്മയാണ് പുലിയെ കണ്ടവിവരം നാട്ടുകാരോട് പറഞ്ഞത്. കുറവ പാലത്തിനടുത്ത് കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടതെന്നാണ് ഇവരുടെ മൊഴി. വിവരമറിഞ്ഞ് സിറ്റി പൊലിസും വനപാലകരും നാട്ടുകാരും ചേര്‍ന്ന് സംയുക്തമായി തിരച്ചില്‍ നടത്തി. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും പരിശോധിച്ചു. കുറുവ പാലത്തിനടുത്ത് പുഴക്കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കെ. പവിത്രന്റെ വീട്ടിലെ കോഴിയെ പുലിയെന്നു സംശയിക്കുന്ന ജീവി പിടിച്ചു കൊണ്ടുപോയി. ഇതിനു ശേഷം വീടിന്റെ അടുക്കളമുറ്റത്തുകൂടെ ഓടിമറഞ്ഞുവെന്ന് പവിത്രന്‍ പറഞ്ഞു. ഇവിടെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കസാനക്കോട്ടയില്‍ പുലിയിറങ്ങിയത്. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് പുലിയെ പിടികൂടിയത്. വയനാട്ടില്‍ നിന്നെത്തിയ മയക്കുവെടി സംഘത്തിന്റെ നേതൃത്വത്തില്‍ വെടിവച്ചാണ് പുലിയെ പിടിച്ചത്. പുലിയുടെ അക്രമത്തില്‍ അന്ന് നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. ആണ്‍പുലിയെ പിടികൂടിയ സാഹചര്യത്തില്‍ ഇതിന്റെ ഇണപ്പുലിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന സംശയം അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെയിറങ്ങിയത് പുലിയാണെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."