ഗസ്സയില്‍ പ്രക്ഷോഭകര്‍ക്കുനേരെ വെടിവയ്പ്; 14കാരനടക്കം രണ്ടുമരണം
ഗസ്സ: ഫലസ്തീനിലെ വിവിധ സ്ഥലങ്ങളില്‍ അധിനിവേശ വിരുദ്ധ പ്രക്ഷോഭം നടത്തിയവര്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 14കാരനുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഹസന്‍ ശലബി (14), ഹംസ ഷെതീവി (18) എന്നിവരാണ് മരിച്ചത്. ഖാന്‍യൂനുസ് ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് ഹസന്‍ ശലബിക്കു വെടിയേറ്റത്. ഹസന്റെ നെഞ്ചിലേക്ക് ബുള്ളറ്റ് തുളച്ചുകയറിയ നിലയിലായിരുന്നു. ഹംസയുടെ നെറ്റിയിലാണ് ബുള്ളറ്റ് തുളച്ചുകയറിയത്.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം പ്രക്ഷോഭം നടത്തുകയായിരുന്ന ഇവര്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരും മെഡിക്കല്‍ സംഘത്തിലെ നാല് ഉദ്യോഗസ്ഥരും ഉള്‍പ്പെടും.
ഗസ്സക്കുനേരെ ഇസ്‌റാഈല്‍ നടത്തിവരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ എല്ലാ വെള്ളിയാഴ്ചയും ഫലസ്തീനികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുക പതിവാണ്.
മാര്‍ച്ച് മുതലുള്ള പ്രക്ഷോഭത്തില്‍ 248 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കാല്‍ലക്ഷത്തോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇക്കാലയളവില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടു.
പ്രതിഷേധക്കാരെ ഗസ്സ ഭരിക്കുന്ന ഹമാസ് ഇളക്കിവിടുകയാണെന്നാണ് ഇസ്‌റാഈലിന്റെ ആരോപണം.
എന്നാല്‍ പ്രക്ഷോഭകരും ഹമാസും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. രണ്ടു കൗമാരക്കാര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചില്ല. എന്നാല്‍ 7,000 ഓളം പ്രതിഷേധക്കാര്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തിയതായി ഇസ്‌റാഈല്‍ സൈന്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."