ബ്രഹ്മഗിരി മലബാര്‍ മീറ്റ് 300 ഔട്ട്‌ലറ്റുകള്‍ കൂടി തുറക്കുന്നു
കല്‍പ്പറ്റ: ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി മലബാര്‍ മേഖലയില്‍ 300 ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഔട്ട്‌ലറ്റുകള്‍ കൂടി അനുവദിക്കുന്നു. ആഗസ്ത് മാസത്തോടെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 200 ഔട്ട്‌ലെറ്റുകളും സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കാസര്‍കോട്, പാലക്കാട് ജില്ലകളിലായി 100 ഔട്ട്‌ലറ്റുകളും നല്‍കാനാണ് തീരുമാനിച്ചതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാംസ സംസ്‌ക്കരണ മേഖലയെ പരമ്പരാഗതമായി ആശ്രയിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മുന്‍ഗണന ലഭിക്കും. ജൂലൈ പത്തിനകം വയനാട്ടില്‍ ഒരു ലക്ഷം രൂപയും മറ്റു ജില്ലകളില്‍ രണ്ട് ലക്ഷം രൂപയും സെക്യൂരിറ്റി തുക സഹിതം അപേക്ഷിക്കുന്നവരെ ആദ്യലിസ്റ്റില്‍ ഉള്‍പെടുത്തും.
നിലവില്‍ മലബാര്‍ മീറ്റിന്റെ 47 ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 31 എണ്ണം വയനാട്ടിലും 11 എണ്ണം കോഴിക്കോട്ടും അഞ്ചെണ്ണം കണ്ണൂരിലുമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ ബിസിനസ് ഹബ്ബും കോള്‍ഡ് സ്‌റ്റോറേജും ജൂലൈ രണ്ടാം വാരത്തില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. പോത്ത്, ആട്, കോഴി എന്നിവയുടെ 26 തരം ഉല്‍പ്പന്നങ്ങളാണ് നിലവില്‍ മലബാര്‍ മീറ്റ് വിപണിയില്‍ വിതരണം ചെയ്യുന്നത്. ലോക നിലവാരമുള്ളതും ഐ.സ്്.ഒ അംഗികാരം ലഭിച്ചിട്ടുള്ളതുമായ ഫാക്ടറിയാണ് മലബാര്‍മീറ്റ്.
വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച് രോഗമില്ലാത്തതും ഭക്ഷ്യയോഗ്യവുമെന്ന് സര്‍ട്ടിഫൈ ചെയ്യുന്ന വലിയ ഉരുക്കളെ ഹലാല്‍ ബോക്‌സിലാണ് സ്ലോട്ടര്‍ ചെയ്യുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി. എന്‍ സുജാത, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം സുരേഷ് താളൂര്‍, കെ.എം മഹേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."