വ്യാജ സിദ്ധനെതിരേ പീഡനത്തിനും കേസ്
കണ്ണൂര്‍: കുറ്റിക്കാട്ടില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ വ്യാജസിദ്ധന് അഴീക്കോട് ഉപ്പായിച്ചാല്‍ സ്വദേശിയും വലിയന്നൂര്‍ പുറത്തീല്‍ പള്ളിക്കു സമീപം താമസക്കാരനുമായ കുന്നത്ത് കുരുണ്ടകത്ത് ലത്തീഫിനെതിരേ (46) പീഡനത്തിനും വളപട്ടണം പൊലിസ് കേസെടുത്തു. സിദ്ധന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കക്കാട്ടെ മുപ്പതുകാരിയുടെ പരാതിയിലാണു കേസ്്. ഈ യുവതിക്കുണ്ടായ കുഞ്ഞിനെയാണു സിദ്ധന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് ഐ.പി.സി 376ാം വകുപ്പ് പ്രകാരമാണു കേസെടുത്തത്. യുവതിയുടെ ഒരുപവന് സ്വര്‍ണമോതിരവും 1,30,000 രൂപയും കൈക്കലാക്കിയെന്നും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. നവജാത ശിശുവിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതിനു വധശ്രമത്തിനു നേരത്തെ കേസെടുത്തിരുന്നു. ഇളംപ്രായത്തിലുള്ള കുഞ്ഞിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കാട്ടില്‍ ഉപേക്ഷിച്ചതിനായിരുന്നു കേസ്. കഴിഞ്ഞ 13നാണ് രണ്ടുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപത്തെ കുറ്റിക്കാട്ടില്‍ സിദ്ധന് ഉപേക്ഷിച്ചത്. നാട്ടുകാര്‍ കുഞ്ഞിനെ കണ്ട് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഒരാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണു കുഞ്ഞിന്റെ മാതാവിനെ കണ്ടെത്തിയതും സിദ്ധനെ പിടികൂടിയതും. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (രണ്ട്) സിദ്ധനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."