നഗരത്തിലെ തോടുകളിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെന്ന്
ആലപ്പുഴ: വേനല്‍ക്കാലത്ത് ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അങ്ങേയറ്റം വറ്റിക്കിടക്കുന്നതിനാല്‍ പട്ടണത്തിലെ തോടുകള്‍, ഇടത്തോടുകള്‍, കാണകള്‍ എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും അറ്റകുറ്റപ്പണികള്‍ നടത്താനും അധികൃതര്‍ ശ്രദ്ധിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു.
മിക്ക തോടുകളും ഇടത്തോടുകളും പുല്ലും പായലും നിറഞ്ഞു മണ്ണിടിഞ്ഞു ചെളിയുറഞ്ഞു കിടക്കുകയാണ്. തോടുകളുടെ വശങ്ങളിലെ കല്ലുകെട്ടുകള്‍ പലയിടങ്ങളിലും ഇളകിത്തകര്‍ന്നിരിക്കുന്നു. ആവശ്യമായ ഇടങ്ങളില്‍ ആഴം കൂട്ടാനും ഇതാണ് പറ്റിയ അവസരം. കാണകളില്‍ മണ്ണും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണുള്ളത്.
മഴക്കാലമാകുമ്പോള്‍ കാണകളിലെ മാലിന്യം ഒഴുകി തോടുകളിലേക്കാണ് എത്തുന്നത്. ജനങ്ങള്‍ ഉപയോഗിക്കുന്ന ജലാശയങ്ങള്‍ എല്ലാം മലിനമാകാന്‍ അതിടവരുത്തും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പോകുന്നതിനാല്‍ ഈ ആവശ്യത്തിനായി അനുവദിച്ചിട്ടുളള തുക ഉടനെ ഉപയോഗിച്ചു ആവശ്യമായ മേല്‍നോട്ടത്തോടെ പണികള്‍ നടത്തണം.
മലിനമായ തോടുകളിലും കാണകളിലും വളരുന്ന ക്ഷുദ്രജീവികളും കൊതുകും മഴക്കാലമാകുമ്പോള്‍ രോഗങ്ങള്‍ പരത്താന്‍ കാരണമാകുമെന്നതിനാല്‍ ശുചീകരണത്തിനു പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."