നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് വനപാലകന് പരുക്ക്
അടിമാലി: കാട്ടാനയെ ജനവാസ കേന്ദ്രത്തില്‍ നിന്നും ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് വനപാലകന് പരുക്ക്.പീരുമേട് റാപ്പിഡ് ഫോഴ്‌സിലെ ഫോറസ്റ്റര്‍ കോരുത്തോട് പമ്പാവാലി വെളളയാട്ട് സിബില്‍മോന്‍(47) ആണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് ദേവികുളം റേഞ്ചില്‍ ബൈസണ്‍വാലി അരമനപ്പാറയിലാണ് സംഭവം.
ദിവസങ്ങളായി ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന്‍ കാര്‍ഷിക മേഖലയിലും ജനവാസ കേന്ദ്രങ്ങളിലും വ്യാപക നാശമാണ് ഉണ്ടാക്കിയിരുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ നിന്നും കാട്ടാനയെ വനത്തിലേക്ക് കയറ്റിവിടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. തുടര്‍ന്നാണ് പ്രത്യേക പരിശീലനം ലഭിച്ച എട്ടംഗ സംഘത്തെ ഇവിടെ ഡ്യൂട്ടിക്കു നിയോഗിച്ചത്.
രാവിലെ 10ന് എത്തിയ സംഘം 12 മണിയോടെയാണ് കാട്ടാനയെ കണ്ടെത്തിയത്. പാട്ട കൊട്ടിയും ഒച്ചയെടുത്തും കാട്ടിലേക്ക് ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും കാട്ടാന പോകാന്‍ കൂട്ടാക്കിയില്ല.
ഇതോടെ പ്ലാസ്റ്റിക്ക് പടക്കം ഉപയോഗിച്ച് ആനയെ വിരട്ടി വനത്തിലേക്ക് ഓടിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പടക്കം കൈയ്യില്‍ പിടിച്ച് കത്തിക്കുബോള്‍ പടക്കം പൊട്ടുകയായിരുന്നു. ഉടന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സിബില്‍മോനെ അടിമാലിയില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.വിശദമായ ചികിത്സ ആവശ്യമായതിനാല്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വീട്ടിലുള്ളവരെ രാത്രി മുഴുവന്‍ കാട്ടാന ബന്ധിയാക്കിയിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും കാട്ടാനയെ തുരത്താന്‍ യുവാക്കളുടെ നേതൃത്വത്തില്‍ ജാഗ്രതാ സേന രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് എത്തിയത്. ജനവാസ കേന്ദ്രത്തില്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. വനപാലകന്റെ കൈപ്പത്തി തകര്‍ന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."