പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസിന് ആശ്വാസം
ലക്‌നൗ: പുതിയ സഖ്യസാധ്യതകള്‍ കൊണ്ടുവന്ന ഉത്തര്‍പ്രദേശിലടക്കം പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ പഞ്ചാബും ഗോവയും. പഞ്ചാബില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയതെങ്കില്‍ ഗോവയില്‍ ആശ്വാസം എന്നു മാത്രമേ പറയാനാവൂ.
ആം ആദ്മിയുടെ വെല്ലുവിളികള്‍ക്കിടയിലും ഭരണവിരുദ്ധ വികാരത്തില്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇഞ്ചോടിച്ച് പോരാട്ടം എന്നുതന്നെയാണ് പഞ്ചാബില്‍ എക്‌സിറ്റ്‌പോളും പ്രവചിച്ചിരുന്നതെങ്കിലും വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായ മേല്‍ക്കോയ്മ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
പത്തു വര്‍ഷമായി സംസ്ഥാനം ഭരിച്ചിരുന്ന ബാദല്‍ കുടുംബത്തിന് വന്‍ തിരിച്ചടിയാണ് ഈ ഫലം. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടിയിരുന്ന അമരീന്ദര്‍സിങ് പാട്യലായിലും ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ് താരം നവജ്യോത്‌സിങ് സിദ്ദു അമൃത്‌സര്‍ ഈസ്റ്റിലും വിജയിച്ചു.
ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസിന് എടുത്തുകാട്ടാന്‍ പഞ്ചാബിലെ വിജയം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.
അതേസമയം തുടര്‍ഭരണമുണ്ടാവുമെന്ന് പ്രവചിക്കപെട്ടിരുന്ന ഗോവയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പന്‍സേക്കാര്‍ പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. ഏറെ പ്രതീക്ഷയോടെ മല്‍സരത്തിനിറങ്ങിയ ആം ആദ്മിക്ക് ഒരു സീറ്റും ഇവിടെ നേടാനായില്ല. മണിപ്പൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും ഇല്ലാതിരുന്ന ബി.ജെ.പി വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."